ന്യൂഡല്‍ഹി– ഡല്‍ഹി മുന്‍സിപല്‍ കൗണ്‍സിലിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ട് ദിവസത്തെ മാങ്കോ ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ചു. ‘കാസ് യേ ആം’ എന്ന പേരില്‍ ജൂലൈ 5,6 തീയതികളില്‍ ചാണക്യപുരിയില്‍ വെച്ച് നടക്കുന്ന ഉത്സവത്തില്‍ 513 കൂടുതല്‍ വ്യത്യസ്ത ഇനം മാങ്ങകളുണ്ടെന്ന് ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ വൈസ് പ്രസിഡന്റ് കുല്‍ജീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. മാങ്ങ ഉത്സവം ഉല്‍ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചതിന്റെ ഓര്‍മ്മക്കായി സിന്ദൂര്‍ എന്ന പേരിലുള്ള മാങ്ങയെയും ഫെസ്റ്റിവലില്‍ പരിചയപ്പെടുത്തും. വരും തലമുറ എങ്ങനെയാണ് നമ്മള്‍ പാകിസ്താനെ തോല്‍പിച്ചതെന്ന് രുചിയറിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നും നാളെയുമുള്ള ഫെസ്റ്റിവലില്‍ ഉച്ചക്ക് 12 മണിമുതല്‍ രാത്രി 9വരെ ആളുകള്‍ക്ക് ആസ്വദിക്കാം. മാങ്ങകള്‍ക്ക് പുറമെ മാങ്ങകൊണ്ടുണ്ടാക്കിയ നിരവധി ഉത്പന്നങ്ങള്‍ (ചട്‌നി, അച്ചാറുകള്‍, ജ്യൂസുകള്‍) സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനുള്ള സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. മാങ്ങയില്‍ റിസേര്‍ച്ച് നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും, കര്‍ഷകരെയും ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ അരുണിക, അംബിക, ടോമി, ഫജാലി, ലംഗാറ, ലകനൗ സഫീദ, അംറാപാലി എന്നിവയുള്‍പ്പെടെ നിരവധി വ്യത്യസ്ത തരം മാങ്ങകളും പ്രദര്‍ശനത്തിന് ഉണ്ടായിരിക്കും. ഇതിനു കർഷകർക്കായി ഏറ്റവും നല്ല വിളക്കായുള്ള മത്സവും ആവശ്യക്കാർക്ക് വാങ്ങാൻ മാവിൻ തൈകളും ലഭ്യമായിരിക്കും.