ഷില്ലോങ്: മേഘാലയയിലെ രണ്ട് ഡിപ്പോകളിൽ നിന്ന് 4,000-ത്തോളം മെട്രിക് ടൺ കൽക്കരി കാണാതായ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. മേഘാലയ ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് (റിട്ട.) ബി.പി. കടകേയ് കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിലാണ് 3,960.95 മെട്രിക് ടൺ കൽക്കരി കാണാതായ കാര്യം വെളിപ്പെടുത്തിയത്.
കൽക്കരി മോഷ്ടിക്കപ്പെട്ടതായാണ് കരുതുന്നതെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ ശക്തമായ മഴയാണ് കൽക്കരി കാണാതായതിന് കാരണമെന്ന എക്‌സൈസ് മന്ത്രി കിർമെൻ ഷൈലയുടെ പ്രസ്താവന വിവാദമായി.
ഡിയെംഗാൻ ഗ്രാമത്തിൽ മേഘാലയ ബേസിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംബിഡിഎ) കണക്കിലുള്ള 1,839.03 മെട്രിക് ടണ്ണിൽ 2.5 മെട്രിക് ടണ്ണും രാജജുവിലെ 2,121.62 മെട്രിക് ടണ്ണിൽ 8 മെട്രിക് ടണ്ണും മാത്രമാണ് അവശേഷിക്കുന്നതെന്ന് ജസ്റ്റിസ് ബി.പി. കടകേയ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. കൽക്കരി കാണാതായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജസ്റ്റിസ് എച്ച്.എസ്. തങ്കിയു, ജസ്റ്റിസ് ഡബ്ല്യു. ഡിയെംഗ്‌ദോ എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ”അജ്ഞാത വ്യക്തികൾ കൽക്കരി എടുത്തുകൊണ്ടുപോയതായാണ് മനസ്സിലാക്കുന്നത്.’ കോടതി നിരീക്ഷിച്ചു. മോഷ്ടാക്കളെ കണ്ടെത്താനും കൽക്കരി സംഭരണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ ഭരണകൂടങ്ങളോടും പോലീസിനോടും വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചതായി ആഭ്യന്തര വകുപ്പിന്റെ ചുമതയലുള്ള ഉപമുഖ്യമന്ത്രി പ്രസ്റ്റൺ ടൈൻസോംഗ് പറഞ്ഞു. ”കൽക്കരിയുടെ അനധികൃത വിനിയോഗമോ മോഷണമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ജില്ലാ ഭരണകൂടങ്ങളോടും പോലീസ് സൂപ്രണ്ടുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.” ടൈൻസോംഗ് മാധ്യമങ്ങളോട് പറഞ്ഞു. എക്‌സൈസ് മന്ത്രിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അന്വേഷണ റിപ്പോർട്ട് തയ്യാറായ ശേഷം അത് കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും, ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ടൈൻസോംഗ് വ്യക്തമാക്കി. അനധികൃത ഖനനം, വ്യാപാരം, കൽക്കരി ചലനം എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുകുൾ സാംഗ്മ ആവശ്യപ്പെട്ടു.