തെലങ്കാന– തെലങ്കാനയിൽ 13 വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ 40 വയസ്സുള്ള പുരുഷനുമായി വിവാഹം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള റെംഗാ റെഡ്ഡി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അധ്യാപികയുടെ ഇടപെടലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ മെയ് 28-ന് കന്ദിവാഡയിൽ നിന്നുള്ള ശ്രീനിവാസ് ഗൗഡ എന്നയാളുമായാണ് കുട്ടിയെ വിവാഹം ചെയ്യിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
പെൺകുട്ടി ഈ വിവരം സ്കൂൾ അധ്യാപികയുമായി പങ്കുവെച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. അധ്യാപിക ഉടൻ തഹസിൽദാർ രാജേഷ്‌വർക്കും പൊലീസിനും വിവരം നൽകുകയും, ജില്ലാ ബാലസംരക്ഷണ വിഭാഗവും പൊലീസും ഇടപെടുകയും ചെയ്തു.
പെൺകുട്ടി അമ്മയും സഹോദരനുമൊത്ത് വാടകവീട്ടിലായിരുന്നു താമസം. മകളുടെ വിവാഹത്തിനു വേണ്ടിയുള്ള ശ്രമം അമ്മ വീട്ടുടമയെ അറിയിച്ച ശേഷം, ഒരു ഇടനിലക്കാരനാണ് 40 കാരനായ ശ്രീനിവാസിന്റെ വിവാഹ ആലോചനയുമായി വന്നത്.
വിവാഹത്തിന്റെ ദൃശ്യങ്ങൾ അടക്കം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും സാമൂഹ്യപ്രവർത്തകരിൽ നിന്നും ഉയർന്നത്. പിന്നാലെയാണ് വരനായ 40കാരൻ, വിവാഹത്തിന് മുൻകയ്യെടുത്ത പുരോഹിതൻ, ഇടനിലക്കാരൻ, 40കാരന്റെ ഭാര്യ, പെൺകുട്ടിയുടെ അമ്മ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
“കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതായാൽ ശ്രീനിവാസ് ഗൗഡിനെതിരെ പൊക്‌സോ നിയമപ്രകാരം കൂടുതൽ കടുത്ത നടപടി സ്വീകരിക്കും.” ജില്ലാ ബാലസംരക്ഷണ ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു
പെൺകുട്ടിയെ നിലവിൽ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ‘സഖി സെന്ററിൽ’ മാറ്റിയിട്ടുണ്ട്. അവിടെ സംരക്ഷണവും, കൗൺസിലിങ്ങും നൽകുന്നുണ്ട്.