ഗാന്ധിനഗര്‍ – ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 9 കുട്ടികളുള്‍പ്പെട 24 പേര്‍ വെന്തു മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകരെത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കി. താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടര്‍ന്നത്. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. പരിക്കേറ്റവരെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.. ഗെയിമിങ് സെന്റര്‍ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായും പോലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 4 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്ക് 50000 രൂപയും ധന സഹായം നല്‍കും. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. അപകടം നടന്ന ടിആര്‍പി ഗെയിം സോണ്‍ പ്രവര്‍ത്തിച്ചത് മതിയായ രേഖകള്‍ ഇല്ലാതെയെന്ന് പോലീസ് വ്യക്തമാക്കി.
ഗെയിമിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനമറിയിച്ചു. പ്രാദേശിക ഭരണകൂടം രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.