ഹൈദരാബാദ്– സംസ്ഥാനം വരുമാനക്കുറവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിനു പിന്നാലെ 200 കോടി മുടക്കി സൗന്ദര്യമത്സരം നടത്തുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം.
ചൊവ്വാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷമായ ബി.ആര്‍.എസ് നിയമസഭയിൽ പ്രതിഷേധിച്ചു. നിയമസഭയിലേക്ക് കൈയ്യില്‍ ഉണങ്ങിയ വിളകളുമായി വന്ന പ്രതിപക്ഷം കോണ്‍ഗ്രസുണ്ടാക്കിയ സാമ്പത്തിക വരള്‍ച്ചയെന്ന് ആക്ഷേപിച്ചു. ദുരിത ബാധിതരായ കര്‍ഷകര്‍ക്ക് ഏക്കറിന് 25000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
72ാമത് മിസ്‌വേള്‍ഡ് മത്സരം തെലങ്കാനയില്‍ സംഘടിപ്പിക്കാനുള്ള നീക്കത്തെ ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു വിമര്‍ശിച്ചു. 46 കോടി രൂപ മുടക്കി നടത്തിയ ഫോര്‍മുല-ഇ റേസ് അഴിമതിയില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ തെറ്റായ സാമ്പത്തിക മുന്‍ഗണനയും വികസനത്തിന്റെ അഭാവവും ബി.ആര്‍.എസ് ശക്തമായി വിമര്‍ശിച്ചു. 2023 ലെ അപ്രായോഗിക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഗ്രസ് തെലങ്കാനയുടെ ഗജനാവ് കാലിയാക്കിയെന്ന് കെ.ടി.ആര്‍ ആരോപിച്ചു.
സാമ്പത്തിക കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും 10000 കോടി രൂപയുടെ കുടിശ്ശിക ഇതിനകം തീര്‍പ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക പറഞ്ഞു.
അപ്രതീക്ഷിതമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. 2024 ല്‍ മിസ്‌വേള്‍ഡ് മുംബൈയില്‍ വെച്ചാണ് നടന്നത്. സെകിയയുടെ, ക്രിസ്റ്റീന പ്രിസ്‌കോവ വിജയ കിരീടമണിഞ്ഞു.