ന്യൂഡല്‍ഹി– തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ എടുത്തു വളര്‍ത്തിയ വളര്‍ത്തമ്മയെ പതിമൂന്നാം വയസ്സില്‍ കൊലപ്പെടുത്തി മകള്‍. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഒഡീഷയിലെ ഗജപതി ജില്ലയിലെ പരാലഖേന്‍മുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മകളുടെ ആണ്‍പിള്ളേരുമായുള്ള ബന്ധം അമ്മ എതിര്‍ത്തിരുന്നു. ഈ കാരണവും സ്വത്തുക്കള്‍ കയ്യടക്കാനുള്ള ആഗ്രഹവുമാണ് പോറ്റമ്മ രാജലക്ഷ്മിയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ 29നാണ് ഉറക്കഗുളിക കൊടുത്തു മയക്കികിടത്തി തലയിണ ഉപോയഗിച്ചു ശ്വാസം മുട്ടിച്ച് രാജലക്ഷ്മിയെ കൊലപ്പെടുത്തിയത്. അമ്മയുടെ സ്വന്തം നാടായ ഭുവനേശ്വരില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് മകള്‍ പറഞ്ഞിരുന്നത്. രാജലക്ഷ്മിക്ക് ഹൃദസ സംബന്ധമായ രോഗമുള്ളതിനാല്‍ ആരും സംശയിച്ചുമില്ല. എന്നാല്‍ ചടങ്ങുകള്‍ക്ക് ശേഷം പെണ്‍കുട്ടി ഭുവനേശ്വറില്‍ ഫോൺ മറന്നുവെച്ചത് രാജലക്ഷ്മിയുടെ സഹോദരന്‍ പ്രസാദ് മിശ്ര കണ്ടെത്തി. സഹോദരന്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാത പദ്ധതി പുറത്തുവന്നത്.
രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വര്‍ണാഭരണങ്ങളും പണവും എങ്ങനെ കവരണമെന്നും സുഹൃത്തുക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ചാറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ മെയ് 14ന് മിശ്ര പോലീസില്‍ പരാതി നല്‍കി. പിന്നാലെ പെണ്‍കുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത്(21) സുഹൃത്ത് ദിനേഷ് സാഹു(20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജലക്ഷ്മിയും ഭര്‍ത്താവും കൂടിയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെ ദത്തെടുത്തത്. ഒരു വര്‍ഷത്തിനുശേഷം ഭര്‍ത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളര്‍ത്തിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് പരാലഖേമുന്‍ഡിയിലേക്ക് താമസം മാറിയത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകളുടെ പ്രണയബന്ധത്തില്‍ രാജലക്ഷ്മി എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ആണ്‍സുഹൃത്തായ റാത്താണ് കൊപാതകത്തിന് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. രാജ ലക്ഷ്മിയുടെ സ്വര്‍ണാഭരണങ്ങള്‍ നേരത്തെ തന്നെ പെണ്‍കുട്ടി കൊലപാതകിക്ക് കൈമാറിയിരുന്നു. ഇത്. 2.4 ലക്ഷം രൂപക്ക് ഇയാള്‍ വിറ്റു. പ്രതികളില്‍ നിന്ന് 30 ഗ്രാം സ്വര്‍ണാഭരണവും മൊബൈല്‍ ഫോണുകളും രണ്ട് തലയിണകളും പോലീസ് പിടിച്ചെടുത്തു.