ന്യൂഡല്‍ഹി– വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ മരണപ്പെട്ടവരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഔദ്യോഗിക അപേക്ഷ നല്‍കണമായിരുന്നു. എന്നാല്‍ ഇനിമുതല്‍ മരണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന വിവരം ഇലക്ട്രല്‍ ഡാറ്റ ബേസിലേക്ക് എത്തുന്ന തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബി.എല്‍.ഒ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫോട്ടോ ഐ.ഡി കാര്‍ഡ് നല്‍കും. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ കൂടുതല്‍ വോട്ടര്‍ സൗഹൃദമാക്കും തുടങ്ങിയവയാണ് പരിഷ്‌കാരങ്ങള്‍.
മാര്‍ച്ച് മാസത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈന്‍ പരിഷ്‌കരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇനിമുതല്‍ വോട്ടര്‍മാരുടെ പേരും സീരിയല്‍ നമ്പറും വലിയ അക്ഷരത്തില്‍ ഡിസ്‌പ്ലേ ചെയ്യും. ഇതുമൂലം പോളിംഗ് സ്‌റ്റേഷന്‍ വേഗം തിരിച്ചറിയാനും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ എളുപ്പത്തില്‍ കണ്ടെത്താനുമാകും. ഫോട്ടോകള്‍ കൂടുതല്‍ വ്യക്തമാകുന്ന രീതിയില്‍ പ്രിന്റ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.