ഇന്ന് നിരവധി പേരാണ് ബില്യണയർ എന്ന പേരിന് അർഹനായിരിക്കുന്നത്. ലോകത്ത് ആദ്യത്തെ ബില്യണയറെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ,
ജോൺ ഡേവിസൺ റോക്കഫെല്ലർ എന്ന അമേരിക്കക്കാരനാണ് ആ റെക്കോർഡിന് ഉടമ . 1916 സെപ്റ്റംബർ 29നാണ് ഇദ്ദേഹം ആ ചരിത്ര റെക്കോർഡിന് അർഹനായത്.
1839 ജൂലൈ എട്ടിന് ന്യൂയോർക്കിലെ റിച്ച്ഫോഡിൽ ജനിച്ച ജോൺ ഡേവിസൺ വളരെ ചെറുപ്പത്തിൽ തന്നെ അക്കൗണ്ടിംഗ്,കണക്കുകൂട്ടൽ പോലെയുള്ള കാര്യങ്ങളിൽ താല്പര്യം കാണിച്ചിരുന്നു. പതിനാറാം വയസ്സിൽ തന്നെ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1859 ൽ ചെറുകിട വ്യാപാരങ്ങൾ ആരംഭിച്ചു. ശേഷം 1863 ൽ ആദ്യത്തെ എണ്ണശുദ്ധികരണ പ്ലാന്റും ജോൺ ഡേവിസൺ സ്ഥാപിച്ചു.
ഏഴു വർഷങ്ങൾക്ക് ശേഷം സ്റ്റാൻഡേർഡ് ഓയിൽ കമ്പനി സ്ഥാപിച്ച ഇയാൾ അമേരിക്കയിലെ എണ്ണ വ്യവസായത്തിന്റെ 90% വരെ നിയന്ത്രിച്ചു.
ഇത് ജോൺ ഡേവിസണിന്റെ സാമ്പത്തിക ശക്തിയുടെ വളർച്ചക്ക് വേഗത കൂട്ടി.
തുടർന്ന് 1916 സെപ്റ്റംബർ 29ന് ലോകത്തെ ആദ്യത്തെ ബില്യണയർ എന്ന ചരിത്ര റെക്കോർഡിന് അദ്ദേഹം ഉടമയായി. ഇത് അന്ന് അമേരിക്കയിലെ ജിഡിപിയുടെ ഏകദേശം രണ്ടു ശതമാനമായിരുന്നു. 1937 മെയ് 23ന് ജോൺ ഡേവിസൺ മരണപ്പെടുമ്പോൾ ഏകദേശം 340 ബില്യൺ അമേരിക്കൻ ഡോളർ (ഇന്നത്തെ മൂല്യം) ആസ്തിയുണ്ടായിരുന്നു.
1911 ലെ അമേരിക്കൻ സുപ്രീം കോടതി Antitrust Act പ്രകാരം Standard Oil-നെ 34 ചെറിയ കമ്പനികളായി വിഭജിച്ചിരുന്നു. ഇന്ന് ഇതിൽ പല കമ്പനികളും ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ വ്യവസായത്തിൽ മുൻപന്തിയിലാണ്. ExxonMobil (XOM), Chevron (CVX), BP (British Petroleum), Marathon Petroleum (MPC) ഇതിൽ പ്രധാനികളാണ്.