ഒരു രാഷ്ട്രീയ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താറുണ്ടല്ലോ, പ്രായപൂർത്തിയായ എല്ലാവരും ബൂത്തിൽ പോയി തങ്ങളുടെ ഏറ്റവും വലിയ അവകാശങ്ങളിൽ ഒന്നായ വോട്ട് രേഖപ്പെടുത്താറുണ്ട്. മതമോ,ജാതിയോ, ലിംഗമോ,നിറമോ ഒന്നും വോട്ട് ചെയ്യുന്നതിൽ തടസ്സമല്ല. എന്നാൽ ഒരുകാലത്ത് സ്ത്രീകൾക്ക് വോട്ടവകാശം ഇല്ലായിരുന്നു. പുരുഷന്മാർക്ക് മാത്രമായിരുന്നു രാഷ്ട്രങ്ങൾ വോട്ടവകാശങ്ങൾ നൽകിയിരുന്നത്.
സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യം രാജ്യം ഏതാണെന്ന് അറിയാമോ, അത് അമേരിക്കയോ, ബ്രിട്ടനോ, ഫ്രാൻസോ ഒന്നുമല്ല.ഓഷ്യാനിയ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന ന്യൂസിലാൻഡ് ആയിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ തന്നെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി ഇവർ തെരുവുകളിൽ ഇറങ്ങിയിരുന്നു. എന്നാൽ തുടക്കകാലങ്ങളിൽ ഈ പ്രക്ഷോഭത്തെയെല്ലാം ഗവൺമെന്റ് അടിച്ചൊതുക്കി. എങ്കിലും അമേരിക്കയിലെ വ്യോമിംഗ്, യൂട്ടാ തുടങ്ങിയ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായിരുന്നു. ഇതിൽ യൂട്ടാ പ്രദേശത്തെ സ്ത്രീകളുടെ വോട്ടവകാശം പിന്നീട് എടുത്തു കളയുകയും ചെയ്തു.
ഈ സമയത്ത് തന്നെയാണ് ന്യൂസിലാൻഡിലും സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി ഇവർ തെരുവിൽ ഇറങ്ങി മുറവിളി കൂട്ടിയത്. അന്നത്തെ കാലത്ത് ബ്രിട്ടീഷ് കോളനി ആയിരുന്നെങ്കിലും 1852ലെ ന്യൂസിലാൻഡ് കോൺസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം സ്വയംഭരണം ഉറപ്പാക്കിയിരുന്നു. അതിനെ തുടർന്ന് തൊട്ടടുത്ത വർഷം പാർലമെന്റ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും സ്വന്തമായി ഭൂമിയും വീടുമുള്ള പുരുഷന്മാർക്ക് മാത്രമായിരുന്നു വോട്ടവകാശമുണ്ടായിരുന്നത് .
14 വർഷങ്ങൾക്ക് ശേഷം അഥവാ 1867ൽ രാജ്യത്തുള്ള എല്ലാ പുരുഷന്മാർക്കും വോട്ടവകാശം ഉറപ്പുവരുത്തി. ഈ സമയത്തും അവർ സ്ത്രീകളുടെ അവകാശങ്ങളെ മാനിച്ചില്ല.
ആ സമയത്ത് തന്നെ രാജ്യത്ത് മദ്യത്തിന്റെ വ്യാപനം വളരെയധികമായിരുന്നു. ഇത് സ്ത്രീകളെ മാനസികമായും ശാരീരികമായും എല്ലാം ബുദ്ധിമുട്ടിച്ചിരുന്നു. അതിനാൽ തന്നെ മദ്യങ്ങളുടെ കാര്യത്തിൽ എല്ലാം തീരുമാനമെടുക്കണം എങ്കിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കണമെന്ന ആശയം ന്യൂസിലാൻഡിൽ എങ്ങും പരന്നു. മാത്രമല്ല ഈ സമയത്ത് തന്നെ പല സ്ത്രീകളും വിദ്യാഭ്യാസം നേടിയിരുന്നു, അതിനാൽ തന്നെ അവരും സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി ശബ്ദിച്ചു.
തുടർന്ന് 1870കളിൽ ബ്രിട്ടൻ, അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ പ്രക്ഷോഭത്തിൽ നിന്ന് മനോധൈര്യം കിട്ടിയ അവർ തെരുവിലിറങ്ങി. ഇത് രാജ്യത്ത് പല മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾക്കും (Temperance Movement) തുടക്കം കുറിച്ചു.
പിന്നീട് സാധാരണ സ്ത്രീകൾക്കും വിദ്യാഭ്യാസം ലഭിച്ചതോടെ ഇവരും ഈ രംഗത്തേക്ക് കടന്നുവന്നു
ഇത് വഴി വച്ചത് 1885ൽ കേറ്റ് ഷെപ്പാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച Women’s Christian Temperance Union (WCTU) എന്ന സംഘടനക്കാണ്.
ഇതോടെ രാജ്യത്ത് മുഴുവൻ സ്ത്രീകളുടെ വോട്ടവകാശം എന്ന ശബ്ദങ്ങൾ ഉയർന്നു വരാൻ ആരംഭിച്ചു. തുടർന്ന് 1891ൽ 9000ത്തിൽ അധികം സ്ത്രീകൾ ഒപ്പുവെച്ച ഒരു പെറ്റീഷൻ പാർലമെന്റിൽ ഇവർ സമർപ്പിച്ചെങ്കിലും ബില്ല് പാസായില്ല. തൊട്ടടുത്ത വർഷം വീണ്ടും ഇവർ പെറ്റീഷൻ പാർലമെന്റിൽ സമർപ്പിക്കുന്നു, ഇത്തവണ ഏകദേശം ഇരുപതിനായിരത്തിൽ അധികം സ്ത്രീകളുടെ ഒപ്പ് ഉണ്ടായിരുന്നു. ഇതും പരാജയപ്പെട്ടെങ്കിലും അവർ പിന്മാറിയില്ല.1893ൽ 32,000 ത്തിൽ അധികം സ്ത്രീകൾ ഒപ്പുവെച്ച ഒരു പെറ്റീഷൻ ഇവർ പാർലമെന്റിൽ വീണ്ടും സമർപ്പിച്ചു.
അവരുടെ നിരന്തരം പ്രയത്നത്തിനൊടുവിൽ 1893 സെപ്റ്റംബർ എട്ടിന് വലിയ ഭൂരിപക്ഷത്തോടെ തന്നെ പാർലമെന്റിൽ ബില്ല് പാസാകുന്നു, സെപ്റ്റംബർ 19ന് ഗവർണർ ലോർഡ് ഗ്ലാസ്‌ഗോ ഈ നിയമത്തിന് അംഗീകാരം നൽകിയതോടെ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന ആദ്യത്തെ രാജ്യമായി ന്യൂസിലാൻഡ് മാറി.
രണ്ടു മാസങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഏകദേശം 90% ത്തിലധികം സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്.
പിന്നീട് ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകളുടെ വോട്ടവകാശത്തെ കുറിച്ചുള്ള പ്രക്ഷോഭങ്ങൾ ഉയർന്നുവരികയും നിരവധി ഗവൺമെന്റുകൾക്ക് അത് അംഗീകരിക്കേണ്ടി വരുകയും ചെയ്യുന്നു.
കേറ്റ് ഷെപ്പാർഡിന് ആദരസൂചകമായി 1992 മുതൽ അവരുടെ ചിത്രം 10 ന്യൂസ്ലാൻഡ് ഡോളറിൽ പ്രിന്റ് ചെയ്തുവരുന്നുണ്ട്.