ക്രിക്കറ്റ് പ്രേമികൾക്കെല്ലാം ഇഷ്ടപ്പെട്ട ഒരു വെസ്റ്റ് ഇൻഡീസ് താരമുണ്ട്, ഐപിഎൽ ക്രിക്കറ്റിൽ എല്ലാം വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരെയെല്ലാം ആവേശം കൊള്ളിച്ച ഒരു ലെഫ്റ്റ് ഹാൻഡർ ബാറ്റ്‌സ്മാൻ. യൂണിവേഴ്സ് ബോസ് എന്ന് വിളിപ്പേരുള്ള ക്രിസ് ഗെയിൽ. ഗെയിൽ 2013 ഐപിഎൽ ക്രിക്കറ്റിൽ പൂനെ വാരിയേസിന് എതിരെ നേടിയ 175 റൺസിന്റെ പ്രകടനം എല്ലാം എന്നും ആരാധകർ ഓർത്തിരിക്കും.
1979 സെപ്റ്റംബർ 21ന് ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിലായിരുന്നു താരത്തിന്റെ ജനനം. ചെറുപ്പത്തിൽ നിന്ന് ക്രിക്കറ്റ് ഇഷ്ടപ്പെട്ട ഗെയിൽ ജമൈക്കയിലെ പ്രാദേശിക ക്ലബ്ബയിരുന്ന Lucas ക്രിക്കറ്റ് ക്ലബ്ബിലൂടെ ആയിരുന്നു ക്രിക്കറ്റിലേക്കുള്ള വരവ്.
1998ൽ ജമൈക്കയുടെ ഫസ്റ്റ് ക്ലാസ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിങ് കാരണം പെട്ടെന്ന് സെലക്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു.
തുടർന്ന് 1999 സെപ്റ്റംബർ 11ന് ടൊറൊന്റോയിൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ അരങ്ങേറിയ താരത്തിന് ഒരു റൺസ് മാത്രമായിരുന്നു എടുക്കാൻ സാധിച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗെയിൽ തൊട്ടടുത്ത വർഷം തന്നെ ടെസ്റ്റ് ടീമിലും അരങ്ങേറി.
പിന്നീട് ദേശീയ ടീമിന്റെ നെടുംതൂണായി മാറിയ താരം 2007 – 2010 കാലയളവിൽ ക്യാപ്റ്റനും ആയിരുന്നു. 2012,2016 വർഷങ്ങളിൽ ടീം T-20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ അവിഭാജ്യ ഘടകവും ആയിരുന്നു.
കൊൽക്കത്ത, ബാംഗ്ലൂർ, പഞ്ചാബ് എന്ന ടീമുകൾക്കെല്ലാം വേണ്ടി ഐപിഎൽ കളിച്ച ഗെയിലിന് ഇതുവരെ ഒരു കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.
ഏകദിന ലോകകപ്പിൽ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ആദ്യത്തെ താരവും ഇദ്ദേഹം തന്നെയാണ്. 2015 ലോകകപ്പിൽ സിംബാവേയ്ക്കെതിരെ നേടിയ 215 റൺസ് നേട്ടമാണ് ആ റെക്കോർഡിന് അർഹനാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിലെ ആദ്യ പന്തിയിൽ തന്നെ സിക്സ് അടിച്ച ഏകതാരവും ഈ യൂണിവേഴ്സ് ബോസ് തന്നെയാണ്.
2021 വരെ ദേശീയ ടീമിനുവേണ്ടി കളിച്ച താരം 103 ടെസ്റ്റ് മത്സരങ്ങളിലും, 301 ഏകദിന മത്സരങ്ങളിലും, 79 T-20 മത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട്.
ഏകദിനത്തിൽ 10000 ത്തിലധികം റൺസ് നേടിയ ഗെയിൽ മികച്ച ഒരു ബൗളർ കൂടിയായിരുന്നു.