കാറുകൾ എന്നു പറഞ്ഞാൽ ചിലർക്ക് ഭ്രാന്താണ്. ഇനി അത് സ്പോർട്സ് കാറും കൂടിയായാൽ ഭ്രാന്ത് കൂടുകയുള്ളൂ. അത്തരം സ്പോർട്സ് കാറുകൾ ലോകത്തിന് സമ്മാനിക്കുന്ന ഒരു കമ്പനിയാണ് പോർഷെ. പോർഷെ എന്ന കമ്പനിക്കും സെപ്റ്റംബർ മൂന്നിനും ഒരിക്കലും ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ബന്ധമുണ്ട്.
എന്നാൽ വാ പോകാം ആ കഥയിലേക്ക്…
1875 സെപ്റ്റംബർ മൂന്നിന് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ മാഫേഴ്സ്‌ഡോർഫ് എന്ന പ്രദേശത്ത് ഒരു സാധാരണ കുടുംബത്തിൽ ഒരാൺകുട്ടി ജനിക്കുന്നു. പേര് ഫെർഡിനാൻഡ് പോർഷെ
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും ഏറെ ഇഷ്ടപ്പെടുന്ന എൻജിനീയറിങ്ങില്‍ അദ്ദേഹത്തിന് ഡിഗ്രി നേടാനായില്ല. എന്നാൽ സ്വന്തം കഴിവുകൾ കൊണ്ടും പരിശ്രമത്തിലൂടെയും വളരെ ചെറുപ്പത്തിൽ സാങ്കേതിക വിദഗ്ധനാകാൻ കഴിഞ്ഞു. ചെറുപ്പകാലങ്ങളിൽ അച്ഛന്റെ കൂടെ വർക്ക് ഷോപ്പിൽ ജോലി ചെയ്തത് ഇദ്ദേഹത്തിന് വളരെ ഗുണകരമായി.
പതിനെട്ടാം വയസ്സിൽ ബേല എഗ്ഗർ ഇലക്ട്രിക്കൽ ( Béla Egger Electrical) എന്ന കമ്പനിയിൽ ജോലിക്ക് പ്രവേശിച്ച പോർഷെ വളരെ പെട്ടെന്ന് വാഹന നിർമ്മാണ രംഗത്തേക്ക് കടന്നു. തുടർന്ന് 1898ൽ കമ്പനി പുറത്തിറക്കിയ പൂർണ്ണ ഇലക്ട്രിക് കാറായ എഗ്ഗർ-ലോഹ്നർ സി.2 ഫൈറ്റൺ രൂപകല്പ്ന ചെയ്യുന്നതിൽ ഈ ചെറുപ്പക്കാരൻ ഏറെ പങ്കു വഹിച്ചു.
രണ്ടു വർഷങ്ങൾക്കു ശേഷം ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കാറായ ലോഹ്നർ-പോർഷെ ഹൈബ്രിഡും രൂപകൽപ്പന ചെയ്തതും ഫെർഡിനാൻഡ് പോർഷെയായിരുന്നു.
പിന്നീട് ലോകത്തിന് നിരവധി സ്പോർട്സ് കാറുകളടക്കം സമ്മാനിച്ച പോർഷെ എന്ന ആ കമ്പനിയുടെ സ്ഥാപകനായി മാറിയ ഫെർഡിനാൻഡ് പോർഷെ വീണ്ടും പല കടമ്പകൾ കടക്കേണ്ടി വന്നു.
1906ൽ ഓസ്ട്രോ-ഡൈംലർ-ൽ ചീഫ് ഡിസൈനർ ആയി നിയമിതനായ പോർഷെ നിരവധി റേസിംഗ് കാറുകൾ നിർമ്മിച്ചു. തുടർന്ന് 1923ൽ ഡൈംലർ-മോട്ടോറെൻ-ഗെസെൽഷാഫ്റ്റ് ചേർന്ന്
മെഴ്‌സിഡസ് ബെൻസിന്റെയും നിരവധി റേസിംഗ് കാറുകളും നിർമ്മിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1930കളിൽ ഇന്നത്തെ ഓഡി (Audi) അടക്കമുള്ള നിരവധി കമ്പനികൾക്ക് റേസിംഗ് കാറുകൾ ഡിസൈൻ ചെയ്തിരുന്നു. ഓഡി റേസിംഗ് രംഗത്തേക്ക് കടന്നു വരാനും തുടക്കമിട്ടത് അയാൾ തന്നെയായിരുന്നു.
1931ൽ ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമാക്കി പോർഷെ ( Dr. Ing. h.c. F. Porsche GmbH – യഥാർത്ഥ പേര്) കമ്പനിക്ക് തുടക്കമിട്ടു. ആദ്യകാലത്ത് മറ്റു കമ്പനികൾക്ക് ഡിസൈൻ, എഞ്ചിനീയറിങ് സഹായങ്ങൾ നൽകിയ ഇവർ പിന്നീടാണ് കാർ നിർമ്മാണ രംഗത്തേക്കും കാലെടുത്തുവെച്ചത്.
1934ൽ ജർമൻ ഭരണാധികാരിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ നിർദ്ദേശപ്രകാരം, “ജനങ്ങൾക്ക് വേണ്ടി ഒരു കാർ” (Volkswagen = People’s Car) എന്ന ആശയത്തെ പിൻപറ്റി ഒരു കാർ രൂപകല്പന ചെയ്തു. ഇത് വഴി തെളിയിച്ചത് സാധാരണ ജർമൻ തൊഴിലാളികളുടെ സ്വപ്നമായിരുന്നു. വളരെ വില കുറഞ്ഞ കാറുകളായിരുന്നു ഈ ആശയത്തിലൂടെ പുറത്തിറങ്ങിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പട്ടാളത്തിന് വേണ്ടി സൈനിക വാഹനങ്ങളും , ടാങ്കുകളുമെല്ലാം നിർമിച്ചു നൽകിയതിനെ തുടർന്ന് യുദ്ധ ശേഷം ഫ്രാൻസ് പോർഷെയെ തടവിലാക്കി. ഈ സമയത്തായിരുന്നു ഇദ്ദേഹത്തിന്റെ മകനായ ഫെറി പോർഷെ കമ്പനിയുടെ ആദ്യത്തെ കാർ നിരത്തിൽ ഇറക്കി.
ഇതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഇവർ നേരത്തെ പറഞ്ഞതുപോലെ ലോകത്തിന് പല കാറുകളും സമ്മാനിച്ചു.
ഇതിൽ വാഹന പ്രേമികളുടെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയത് 1964ൽ പുറത്തിറക്കിയ പോർഷെ 911 എന്ന സ്പോർട്സ് കാറായിരുന്നു.
1951 ജനുവരി 30നായിരുന്നു പോർഷെയുടെ സ്ഥാപകനായിരുന്ന ഫെർഡിനാൻഡ് പോർഷെ ഹൃദയഘാതം മൂലം മരണപ്പെട്ടത്.