നിങ്ങളിൽ എത്ര പേർ താടി വച്ചിട്ടുണ്ട്, എങ്കിൽ ഒരു കാര്യം അറിയാമോ നിങ്ങൾ ജീവിക്കുന്നത് പതിനേഴാം നൂറ്റാണ്ടിൽ റഷ്യയിൽ ആണെങ്കിൽ താടിയുടെ പേരിൽ നികുതി അടയ്ക്കേണ്ടി വന്നേനെ.
കഥ തുടങ്ങുന്നത് 1697 ലാണ്. അന്നത്തെ റഷ്യയുടെ ചക്രവർത്തിയായിരുന്ന പീറ്റർ ദി ഗ്രേറ്റ് റഷ്യയെ ലോകത്തെ ശക്തരാക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ഒരു യാത്ര നടത്തുന്നു. പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിലേക്കായിരുന്നു യാത്രകൾ നടത്തിയത്. സർജന്റ് പ്യോട്ടർ മിഖായ്‌ലോവ് ” എന്ന പേരിൽ ഒരു സാധാരണക്കാരന്റെ വേഷത്തിൽ ആയിരുന്നു യാത്ര. യൂറോപ്യൻ ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് പഠിച്ച് അത് റഷ്യയിൽ നടപ്പാക്കാൻ ആയിരുന്നു യാത്രയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല സൈനിക- നാവികസേനയിലും റഷ്യയെ പടുത്തുയർത്തുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. അതിനായി ഡച്ച് കപ്പൽശാലയിൽ എല്ലാം ഇദ്ദേഹം ജോലി ചെയ്തിരുന്നു.
ഏകദേശം ഒരു വർഷത്തെ യാത്രക്ക് ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ ചക്രവർത്തിയെ ജനങ്ങൾ വളരെ സന്തോഷത്തോടെയാണ് വരവേറ്റത്.
തുടർന്ന് 1698 സെപ്റ്റംബർ അഞ്ചിന്* നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും എല്ലാം താടി കത്തി കൊണ്ട് മുറിച്ചാണ് ആദ്യ പ്രഖ്യാപനം നടത്തിയത്.യൂറോപ്പിൽ ഉള്ള പുരുഷന്മാർ ക്ലീൻ ഷേവ് ചെയ്താണ് നടക്കാറെന്നും അതിനാൽ തന്നെ നമ്മൾ യൂറോപ്പിനെ പോലെ ആവണമെങ്കിൽ അത് സ്വീകരിക്കണം എന്നായിരുന്നു പീറ്റർ ഗ്രേറ്റിന്റെ അവകാശവാദം. അതിനാൽ ഇനി രാജ്യത്തെ പൗരന്മാർ താടി വെച്ചാൽ പ്രത്യേക നികുതി അടക്കണം എന്നും അല്ലാത്തവരുടെ താടി ബലമായി മുറിച്ചു കളയുമെന്നും രാജാവ് പ്രഖ്യാപനം നടത്തി.
അന്ന് റഷ്യയിൽ ഓർത്തഡോക്സ് സഭ വിശ്വാസികളായിരുന്നു കൂടുതലും, അതിനാൽ തന്നെ അവരുടെ വിശ്വാസപരമായി താടി നിർബന്ധമായിരുന്നു. അതിനെ തുടർന്ന് പല വിമർശനങ്ങൾ ഉയർന്നെങ്കിലും രാജാവ് തന്റെ തീരുമാനത്തിൽ നിന്നും മാറിയില്ല.
നികുതി അടച്ചവരെ മനസ്സിലാക്കാനായി വെള്ളിയോ അല്ലെങ്കിൽ ചെമ്പോ ഉപയോഗിച്ച് നിർമ്മിച്ച നാണയം നൽകുമായിരുന്നു. നാണയത്തിന്റെ ഒരു വശത്ത് താടി ഒരു ഭാരമാണെന്ന പരിഹാസവും മറുവശത്ത് താടി വെക്കാനുള്ള അനുമതിയുമാണ് ഉണ്ടായിരുന്നത്.
സാമ്പത്തിക നില അനുസരിച്ചായിരുന്നു ഓരോരുത്തരും നികുതി അടക്കേണ്ടത്. സാമ്പത്തികമായി ഉയർന്നവർ വർഷത്തിൽ 100 റൂബിൾ വരെ നികുതി അടക്കണമായിരുന്നു. കർഷകർ പോലെയുള്ള പാവപ്പെട്ടവർക്ക് 30 റൂബിൾ വരെയായിരുന്നു നികുതി ചുമത്തിയത്. ഇത് പിന്നീട് രാജ്യത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗമായി മാറി എന്നും പറയപ്പെടുന്നു.
എന്നാൽ സൈനികർ, ഉദ്യോഗസ്ഥർ എന്നിവർക്ക് ഒരിക്കലും താടി വെക്കാൻ അവകാശവും ഉണ്ടായിരുന്നില്ല. 1772ൽ കാതറിൻ II ( Catherine the Great) നികുതി നിർത്തലാക്കി.
ഇതിന് വളരെ മുന്നേ തന്നെ ഇംഗ്ലണ്ടിലെ ജനങ്ങൾക്കും, 1500 കളിൽ ഫ്രാൻസിലെ പുരോഹിതർക്കും താടി വെച്ചാൽ നികുതി അടക്കണമായിരുന്നു.
1930കളിൽ യമനിൽ താടി വെക്കാത്തവരാണ് നികുതി അടക്കേണ്ടിവന്നത്.
(* 1698 സെപ്റ്റംബർ അഞ്ചിനാണ് റഷ്യയിൽ താടി നികുതി ഏർപ്പെടുത്തിയതെന്ന് വ്യക്തമായ രേഖകളിലെങ്കിലും അധിക രേഖകളും പറയുന്നത് ഈ ദിവസം എന്നു തന്നെയാണ്. മറ്റു റിപ്പോർട്ടുകൾ പറയുന്നത് വർഷം മാത്രമാണ് , വേറെ ഒരു തീയതിയും ഒരു രേഖകളും പറയുന്നില്ല)