ക്രിക്കറ്റിന് ലോകമെമ്പാടും പ്രേമികൾ ഏറെയാണല്ലോ.
കുട്ടി ക്രിക്കറ്റ് എന്നറിയപ്പെടുന്ന ടി-ട്വന്റിയുടെ ( T-20) വരവ് ലോകമെമ്പാടും ക്രിക്കറ്റ് വ്യാപിക്കാൻ ഒരു കാരണമായി. 2005 ഫെബ്രുവരി 17ന് ആയിരുന്നു ആരംഭം. പിന്നീട്, T-20 ലോകകപ്പ്, ഐപിഎൽ പോലെയുള്ള വിവിധ ടൂർണ്ണമെന്റ്കൾ തുടക്കം കുറിക്കാൻ ആ വിപ്ലവം കാരണമായി.
ഇന്ന് ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടൂർണമെന്റാണ് ടി-ട്വന്റി ലോകകപ്പ്. ഈ ടൂർണമെന്റിൽ ഇന്ന് പങ്കെടുക്കുന്നത് 24 ടീമുകളാണ്.
2007ലെ ദക്ഷിണാഫ്രിക്കയിൽ അരങ്ങേറ്റം കുറിച്ച ഈ കുട്ടി ക്രിക്കറ്റ് ലോകകപ്പിൽ കിരീടം ഉയർത്തിയത് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ ഇറങ്ങിയ ഇന്ത്യയുടെ യുവ നിര ടീമായിരുന്നു . 2007 ൽ തന്നെ നടന്ന ഏകദിന ലോകകപ്പിൽ കാഴ്ചവച്ച മോശപ്രകടനത്തെ തുടർന്ന് പുതിയൊരു ടീമുമായി ഇറങ്ങിയ ഇന്ത്യ കിരീടത്തോടെ എത്തിയത് ആരാധകർക്ക് വലിയ ആവേശം നൽകി. മാത്രമല്ല കലാശ പോരാട്ടത്തിൽ തോൽപ്പിച്ചത് പാകിസ്ഥാനെയുമാണ് എന്നും കൂടി അറിഞ്ഞപ്പോൾ ആ സന്തോഷത്തിന് മധുരം ഇരട്ടിയായി.
2007 സെപ്റ്റംബർ 11ന് നടന്ന ആദ്യ കുട്ടി ക്രിക്കറ്റ് ടൂർണമെന്റിൽ നാലു ഗ്രൂപ്പുകളിലായി 12 ടീമുകൾ ആയിരുന്നു പങ്കെടുത്തത്. പാകിസ്ഥാൻ, സ്കോട്ട്ലാൻഡ് അടങ്ങിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പർ 8ലേക്ക് യോഗ്യത നേടിയ ഇന്ത്യ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ചു സെമിയിലേക്ക് മുന്നേറി.
അവിടെ ശക്തരായ ഓസ്ട്രേലിയയെ തകർത്ത ഇന്ത്യ കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടുമ്പോൾ എതിരാളികളായി പാകിസ്ഥാനായിരുന്നു.
2007 സെപ്റ്റംബർ 24ന് നടന്ന കലാശ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ഗൗതം ഗംഭീർ ( 75 റൺസ്), രോഹിത് ശർമ (30) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാൻ മൂന്ന് പന്തുകൾ ശേഷിക്കെ 152 റൺസിന് എല്ലാവരും പുറത്തായതോടെ പ്രഥമ കുട്ടി ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ അവകാശികളായി.
നാല് പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെ ജയിക്കാൻ വെറും ആറ് റൺസ് വേണമെന്നിരിക്കെ ജോഗിന്ദർ ശർമയുടെ പന്തിൽ ഉയർത്തിയടിച്ച മിസ്ബാ ഉൾ ഹഖും സഹതാരങ്ങളും വിജയ പ്രതീക്ഷകൾ സ്വപ്നം കണ്ടു, ആ ആരവം പാകിസ്ഥാൻ ആരാധകർക്കിടയിലും നിറഞ്ഞുനിന്നു. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തി ആ പന്ത് അവസാനിച്ചത് മലയാളിയായ ശ്രീശാന്തിന്റെ കൈകളിലായിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ ത്രിവർണ്ണ പതാക ഉയർന്നുനിന്നു.
മൂന്നു വിക്കറ്റ് എടുത്ത് പാകിസ്ഥാൻ ടീമിന്റെ പ്രതീക്ഷകളെ കാറ്റിൽ പറത്തിയ ഇർഫാൻ പത്താനായിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച്.