ഒരു സാധാരണക്കാരന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം ഇന്ന് ലോകത്തു മുഴുവൻ വ്യാപിക്കുന്നു, അതിനെ കുറിച്ചാണ് പറയുന്നത്
പണ്ട് നമ്മളെല്ലാം വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കടയിൽ വാങ്ങാൻ പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. കടയിൽ തിരക്ക് ഉണ്ടെങ്കിൽ ഉള്ളവർ പോകുന്നത് വരെ കാത്തിരിന്നു സാധനങ്ങളെല്ലാം വാങ്ങി പണം നൽകി വരുമ്പോഴേക്കും ഒരു സമയം കഴിഞ്ഞിട്ടുണ്ടാവും, മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ നമ്മൾ രണ്ടിലധികം കടകളിൽ കയറിയിറങ്ങുമായിരുന്നു.
എന്നാൽ ഇന്നോ, സൂപ്പർ മാർക്കറ്റുകളുടെ വരവോടുകൂടി ഇതെല്ലാം അവസാനിച്ചു. ഇന്ന് നമുക്ക് പറയാനുള്ളത് സൂപ്പർമാർക്കറ്റുകളുടെ ചരിത്രമാണ്.
1881ൽ അമേരിക്കയിലെ വീർജീനയിൽ ജനിച്ച ക്ലാരൻസ് സോണ്ടേഴ്സിന് വിദ്യാഭ്യാസ വളരെ കുറവായിരുന്നു. ചെറുപ്പകാലത്ത് തന്നെ ഗ്രാമങ്ങളിൽ ഉണ്ടായിരുന്ന പലചരക്ക് കടകളിൽ ജോലി ചെയ്തിട്ടാണ് കുടുംബത്തെ നോക്കിയിരുന്നത്.
ദിവസേന നൂറുകണക്കിനാളുകൾ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് വരുന്നത് ശ്രദ്ധിച്ച
സോണ്ടേഴ്സിന് ഒരു കാര്യം മനസ്സിലായി. ആവശ്യക്കാർ സാധനങ്ങളുടെ വില ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് വാങ്ങുന്നത്. ആവശ്യപ്പെടുന്ന സാധനങ്ങൾ എടുത്ത് നൽകുന്നത് തന്നെ പോലെയുള്ള ജോലിക്കാരാണെന്നും, ഇനി അവസാനം വാങ്ങിച്ച സാധനങ്ങളുടെ എല്ലാം പൈസ കൂട്ടി നൽകുമ്പോഴേക്കും സമയം വളരെ വൈകുന്നുണ്ടെന്നും മനസ്സിലാക്കി. മാത്രമല്ല വീട്ടാവശ്യങ്ങൾക്കായുള്ള സാധനങ്ങൾ വാങ്ങാൻ ഒരാൾ രണ്ടിലധികം കടകളെ ആശ്രയിക്കുന്നുണ്ടെന്നും മനസ്സിലാക്കിയ സോണ്ടേഴ്സിന് ഒരാശയം മനസ്സിൽ ഉദിക്കുന്നു.
” ആളുകൾക്ക് ഒരു കടയിൽ പോയി തന്നെ ആവശ്യമുള്ള എല്ലാം സാധനങ്ങൾ സ്വന്തമായി എടുക്കാനുള്ള ഒരു അവസരം നൽകിയാലോ”
അതിനെ തുടർന്ന് 1916 സെപ്റ്റംബർ ആറിന് അദ്ദേഹം സ്വന്തമായി ഒരു ഷോപ്പ് അമേരിക്കയിലെ മെംഫിസിൽ തുടങ്ങുന്നു. അവിടെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുമായിരുന്നു. സാധനങ്ങൾ എല്ലാം ക്രമീകരിച്ച് ആളുകൾ കാണുന്ന വിധത്തിൽ തട്ടുതട്ടായി വെച്ചശേഷം പ്രൈസ് ടാഗും നൽകുമായിരുന്നു.
മാത്രമല്ല കടയിലേക്ക് കയറിവരുന്ന ആവശ്യക്കാർക്ക് ഒരു ബാസ്ക്കറ്റ് നൽകുകയും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ സ്വന്തമായി എടുക്കാനുള്ള ( സെൽഫ് സർവീസ് ) രീതിയും അദ്ദേഹം നടപ്പിലാക്കി. അവസാനം ബിൽ കൗണ്ടറിൽ സാധനങ്ങളുടെ പൈസ അടച്ചാൽ സംഗതി കഴിഞ്ഞു. ഇതിലൂടെ ജനങ്ങൾക്ക് സമയലാഭവും അതുപോലെതന്നെ ചിലവ് കുറവും ഒരുപോലെ ലഭിച്ചു.
അതിനാൽ തന്നെ അമേരിക്കയിൽ പെട്ടെന്ന് പ്രശസ്തിയാർജിച്ച ഈ ഷോപ്പിലേക്ക് ആവശ്യക്കാരുടെ കടന്നു വരവ് കൂടിയതോടെ സോണ്ടേഴ്സിനും വലിയ രീതിയിൽ ലാഭമുണ്ടായി. മാത്രമല്ല ഒരാൾ കടയിലേക്ക് കടന്നുവരുമ്പോൾ എല്ലാ വസ്തുക്കളും കാണുന്ന രീതിയിൽ ആയതിനാൽ അവർ വാങ്ങുന്ന സാധനങ്ങളുടെ എണ്ണത്തിലും വർദ്ധയുണ്ടായി. ഇതും അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു.
ഇനി മറ്റൊരു മാർക്കറ്റ് തന്ത്രവും കൂടി അദ്ദേഹം ചെയ്തിരുന്നു. ഷോപ്പിന്റെ പേര് ആളുകൾ ഓർക്കണം എന്നും വളരെ വിചിത്രമാകണമെന്നും കരുതി ഇദ്ദേഹം നൽകിയ പേര് പിഗ്ലി വിഗ്ലി (Piggly Wiggly) എന്നായിരുന്നു.
ഇതും അദ്ദേഹത്തിന് ഗുണമേ ഉണ്ടാക്കിയുള്ളൂ,, ഇന്ന് അമേരിക്കയിൽ 500 ൽ അധികം ബ്രാഞ്ചുകളാണ് Piggly Wiggly എന്ന സൂപ്പർമാർക്കറ്റിനുള്ളത്. ഇന്നും ചിരിക്കുന്ന ഒരു പന്നിയുടെ രൂപമാണ് ഇവരുടെ ലോഗോ.