2023 ഫെബ്രുവരി ആറിന് ലോകത്തെ ഞെട്ടിച്ചു തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിൽ മരണപ്പെട്ടത് ഏകദേശം 55,000ത്തിൽ അധികം ജീവനുകൾ ആയിരുന്നു. എന്നാൽ ഇതിന് വളരെ മുമ്പ് തന്നെ ഇതിനു സമാനമായ ഒരു ഭൂകമ്പത്തിന് സാക്ഷ്യം വഹിച്ചതാണ് ഇസ്താംബുളിലെ ജനങ്ങൾ.
സംഭവം നടക്കുന്നത് 500 വർഷങ്ങൾക്കു മുമ്പാണ്, ഓട്ടോമൻ സാമ്രാജ്യത്തിലെ ബേയസിദ് II-ന്റെ ഭരണകാലം, 1509 സെപ്റ്റംബർ 10 അന്നത്തെ കൊൻസ്റ്റാന്റിനോപ്പിളിൽ ( ഇന്നത്തെ ഇസ്താംബുൾ) ഏകദേശം രാത്രി 10 മണിക്ക് മർമറ കടലിൽ ഉണ്ടായ ഒരു ഭൂകമ്പം. 7.2 ± 0.3 തീവ്രതയിൽ രേഖപ്പെടുത്തിയ ആ ദുരന്തം ഏകദേശം 45 സെക്കൻന്റുകൾ നീണ്ടുനിന്നു എന്നും പറയുന്നു. ഓരോ 30 മിനിറ്റുകളിലും ചെറുതും വലുതുമായ തീവ്രതയിൽ രേഖപ്പെടുത്തിയ ആ ഭൂകമ്പം ഏകദേശം നാൽപ്പത്തിലധികം ദിവസങ്ങൾ തുടർന്നു.
ഈ ദുരന്തങ്ങളിൽ നഷ്ടപ്പെട്ടത് 10000ത്തിലധികം ജീവനുകൾ ആയിരുന്നു, മാത്രമല്ല 109 പള്ളികളും, നിരവധി വീടുകളും, കെട്ടിടങ്ങളും, കൊട്ടാരങ്ങളും, ചരിത്ര സ്മാരകങ്ങളും എല്ലാം ആ ഭൂകമ്പത്തിൽ ഓർമയായി. ഏകദേശം ആറു മീറ്റർ വരെ തിരമാലകൾക്ക് ഉയരം ഉണ്ടായിരുന്നെന്നും ചരിത്ര രേഖകൾ പറയുന്നു.
നിരവധി രാജ്യങ്ങളിലായി ഏകദേശം 600 വർഷത്തോളം ഭരണം നടത്തിയ ഓട്ടോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ഈ ഭൂകമ്പത്തെ വിശേഷിപ്പിക്കുന്നത്.
ദുരന്തത്തിനുശേഷം ഉടൻതന്നെ ബേയസിദ് II പുനർ നിർമാണത്തിന് തുടക്കം കുറിച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ആ പുനർനിർമാണം ഏകദേശം എട്ടു വർഷത്തോളം നീണ്ടുനിന്നു.
തുടർന്നും രാജ്യത്തെ ഞെട്ടിച്ച് നിരവധി ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 1776, 1939, 1976,1999,2011,2020,2023 വർഷങ്ങളിൽ സംഭവിച്ച ദുരന്തങ്ങളാണ് ഇതിൽ പ്രധാനം. കഴിഞ്ഞ 250 വർഷങ്ങളിലായി ഒരു ലക്ഷത്തിലധികം ജീവനുകളാണ് ഭൂകമ്പങ്ങൾ മൂലം തുർക്കിയിൽ നഷ്ടപ്പെട്ടത്.