ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണ ഇനങ്ങളിൽ ഒന്നാണല്ലോ ന്യൂഡിൽസ്. ഒരുകാലത്ത് പാക്കറ്റുകളിൽ മാത്രമായിരുന്നു സുലഭം. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ കപ്പുകളിലും ലഭ്യമാണ്. പാക്കറ്റ് നൂഡിൽസുകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തവുമാണ്. പ്രത്യേകം തയ്യാറാക്കിയ കപ്പിലുള്ള ന്യൂഡിൽസിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ഫുഡ് റെഡി. യാത്രക്കാർക്കും, ജോലിക്കാർക്കും എല്ലാം വളരെയേറെ സുഖകരവുമാണ്.
എന്നാൽ ഈ കപ്പ് ന്യൂഡിൽസ് വന്നത് എങ്ങനെയാണെന്ന് അറിയാമോ.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനിൽ വലിയ ഭക്ഷ്യ ക്ഷാമം നേരിട്ടു. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങൾ ഗോതമ്പ് പോലെയുള്ള ഭക്ഷ്യവസ്തുക്കൾ നൽകിയെങ്കിലും അത് ഭക്ഷണമാക്കുന്നതിന് കൂടുതൽ പ്രയാസം ഉണ്ടായിരുന്നു. ഈ സമയത്താണ് മോമോഫുകു ആൻഡോ എന്ന വ്യക്തിക്ക് മനസ്സിൽ ഒരാശയം ഉദിക്കുന്നത്.
ജനങ്ങൾക്ക് പെട്ടെന്ന് കിട്ടുന്ന, പോഷകാഹാരമടങ്ങിയ, വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന, ജോലിക്കാർക്ക് വിദ്യാർഥികൾക്കും എല്ലാം ഒരുപോലെ സുഖകരമാകുന്ന ഒരു ഭക്ഷണം.
ജപ്പാനിൽ ഏറെ സുലഭമായി ലഭിക്കുന്ന റാമെനിൽ ( ജപ്പാനിലെ ഒരുതരം ന്യൂഡിൽസ്, പ്രധാനമായും ഗോതമ്പുപൊടിയിൽ നിന്ന് ഉണ്ടാക്കുന്നത് ) തന്നെ അദ്ദേഹം പരീക്ഷണം ആരംഭിച്ചു. ഏറെ നാളത്തെ പരീക്ഷണത്തിനൊടുവിൽ ഒരു മാർഗം കണ്ടെത്തി. റാമെൻ എണ്ണയിൽ പൊരിച്ചു ക്രിസ്പിയായി ഉണക്കാവുന്നതാണ്. കൂടുതൽ കാലം ഇത് കേടു വരാതെയും നിൽക്കും. ആവശ്യമുള്ളപ്പോൾ ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ ഫുഡ് റെഡി. തുടർന്ന് 1958 ആഗസ്റ്റ് 25ന് അദ്ദേഹം തന്റെ ഉൽപ്പന്നം ജപ്പാനിൽ വിൽക്കാൻ ആരംഭിച്ചു. പാക്കറ്റുകളിലായിരുന്നു വിൽപ്പന.
വളരെ ചിലവേറിയതിനാൽ തന്നെ ആഡംബര ഭക്ഷണമായി കരുതി ജനങ്ങൾ ആദ്യം ഇതിനെ ഏറ്റെടുത്തില്ലെങ്കിലും പിന്നീട് ജോലിക്കാർക്കും, വിദ്യാർത്ഥികൾക്കും വളരെയേറെ പുതുമയുള്ളതും, സുഖകരവുമായ ഭക്ഷണമായി ഇത് മാറി. പാക്കറ്റ് പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടുവെള്ളം ഒഴിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ റെഡിയാകുന്ന ഭക്ഷണത്തിന് പിന്നീട് ആവശ്യക്കാർ ഏറെയായി.
ഡിമാൻഡ് കൂടിയപ്പോഴാണ് ഈ ഭക്ഷ്യ ഉത്പ്പന്നം എളുപ്പം കഴിക്കാൻ പാത്രത്തിന്റെ അഭാവം മോമോഫുകു കണ്ടെത്തുന്നത്. വിദ്യാർത്ഥികളും ജോലിക്കാരും എല്ലാം ഇത്തരം റാമെൻ വാങ്ങുമ്പോൾ പാത്രത്തിന്റെ ആവശ്യവും വളരെയധികമായിരുന്നു. അതിനൊരു പ്രതിവിധി അദ്ദേഹം വളരെ പെട്ടെന്ന് കണ്ടെത്തി.
ന്യൂഡിൽസ് പാക്കറ്റിന് പകരം ഒരു കപ്പിൽ തന്നെ നൽകാം.
വീണ്ടും തന്റെ പരീക്ഷണം ആരംഭിച്ച അദ്ദേഹം 1971 സെപ്റ്റംബർ 18ന് വെള്ളം കടക്കാത്ത ഒരു പോളിസ്റ്റിറീൻ കപ്പിൽ റാമെൻ ജപ്പാനിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തി.
വളരെ വേഗം ജനങ്ങൾ ഈ കപ്പ് ന്യൂഡിൽസിനെ ഏറ്റെടുത്തു. ഇനി ഒരു പ്രത്യേക പാത്രത്തിന്റെ ആവശ്യമില്ല, മാത്രമല്ല ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രങ്ങൾ കഴുകേണ്ട ആവശ്യവുമില്ല. അതിനാൽ തന്നെ വളരെ പെട്ടെന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കപ്പ് ന്യൂഡിൽസ് പ്രചാരം നേടി.
ഇന്ന് കപ്പ് ന്യൂഡിൽസുകൾ 150ലധികം രാജ്യങ്ങളിൽ ലഭ്യമാണ്.