ലോക പ്രസിദ്ധ നഗരമായ ലണ്ടൻ കത്തിയെരിഞ്ഞ സംഭവം നിങ്ങൾക്കറിയാമോ, പിന്നീട് ലണ്ടൻ നഗരത്തെ ലോകപ്രശസ്തിയാക്കിയതിൽ ഒരു പക്ഷേ തീപിടിത്തം ഒരു കാരണമായിരുന്നു എന്ന് പറയുന്നവരുമുണ്ട്
ലണ്ടൻ നഗരത്തിലെ പ്രശസ്ത ബേക്കറി നടത്തിപ്പുകാരനായ ഫാരിനറുടെ വീട്. അന്നത്തെ രാജാവായ ചാൾസ് രണ്ടാമന് അപ്പങ്ങളും പലഹാരങ്ങളും പാചകം ചെയ്യുന്നത് ഇവരാണ്.
1666 സെപ്റ്റംബർ ഒന്നിന് പണിയെല്ലാം കഴിഞ്ഞ് ഉറങ്ങാൻ പോയ ഫാരിനറും കുടുംബവും അടുപ്പിലെ തീയണക്കാൻ മറക്കുന്നു. അർദ്ധരാത്രി കഴിഞ്ഞു അഥവാ സെപ്റ്റംബർ രണ്ട് ഏകദേശം രണ്ടുമണിക്ക് തീപ്പൊരി പടർന്ന് വീടിന് തീ പിടിക്കുന്നു. ഫാരിനറും കുടുംബവും ജനല്‍ വഴി രക്ഷപ്പെട്ടെങ്കിലും ജോലിക്കാരിയായ റോസിന് ജീവൻ നഷ്ടപ്പെട്ടു.
എന്നാൽ തീപിടിത്തം അടുത്തുള്ള വീടുകളിലേക്കും വ്യാപിച്ചു. ഏകദേശം അഞ്ചുദിവസം ലണ്ടൻ നഗരത്തെ ആ അഗ്നിബാധ ഭീതിയിലാക്കി. പ്രതീക്ഷിക്കാതെയുള്ള കാറ്റുകൾ അതിനെ കൂടുതൽ ശക്തയാക്കി. തീ പടർന്നുള്ള ആദ്യ ദിവസങ്ങളിൽ ലണ്ടൻ മേയറായ സർ തോമസ് ബ്ലഡ്‌വർത്ത് ഗൗരവത്തിൽ എടുത്തിരുന്നില്ല, ഒരു സ്ത്രീ മൂത്രമൊഴിച്ചാൽ പോലും ആ തീ അണയും എന്നു പറഞ്ഞ് കളിയാക്കി. എന്നാൽ സംഭവമറിഞ്ഞ് രാജാവ് ചാൾസ് രണ്ടാമൻ ഉടൻ നടപടികൾ സ്വീകരിച്ചു.
നാലാം ദിവസം കാറ്റിന്റെ ശക്തി കുറഞ്ഞതിനെത്തുടർന്ന് തീയണക്കാൻ വളരെ പെട്ടെന്ന് സാധിച്ചു. ഈ അപകടം വളരെ കുറച്ച് മരണങ്ങളെ റിപ്പോർട്ട് ചെയ്തിട്ടുള്ളെങ്കിലും അതിനെ തള്ളിക്കളയുന്നവരുമുണ്ട്.
അന്നത്തെ ലണ്ടൻ നഗരത്തിന്റെ 80 ശതമാനവും ആ തീപിടിത്തത്തിൽ ചാരമായി. 13,000ത്തിലധികം വീടുകളടക്കം നിരവധി ദേവാലയങ്ങളും, ഗിൽഡ് ഹൗസുകളും തീപിടിത്തത്തിന് ഇരയായി. ഇതിൽ സെന്റ് പോൾസ് കത്തീഡ്രലുമുണ്ടായിരുന്നു.
ഈ ദിവസത്തെ ചിലവർ ശാപമായി കാണുമ്പോൾ ചിലവർ ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്.
അഗ്നിബാധക്ക് ഒരു വർഷം മുമ്പ് ലണ്ടൻ നഗരത്തെ പിടിച്ചു കുലുക്കിയിരുന്ന പ്ലേഗിൽ മലിനമായ തെരുവുകളും കുടിലുകളും തീയിൽ ഇല്ലാതായി. മാത്രമല്ല റിവർ ഫ്ലീറ്റ്, മലിനജലം നിറഞ്ഞിരുന്ന ഒരു തുറന്ന ഓട തീയിൽ തിളച്ച് രോഗാണുക്കളെ നിർവീര്യമാക്കി ( സ്റ്റെറിലൈസ്).
പിന്നീട് നഗരത്തെ പുതുക്കിപ്പണിയാനുള്ള ചുമതല ഏറ്റെടുത്ത ക്രിസ്റ്റിഫർ റെൻ,റോബർട്ട് ഹുക്ക് എന്നിവർ ചേർന്ന് രാജാവിന്റെ നിർദ്ദേശപ്രകാരം കത്തിയെരിഞ്ഞ
സെന്റ് പോൾസ് കത്തീഡ്രലും പുതുക്കി പണിതു.
ഇന്ന് ലണ്ടൻ നഗരത്തിന്റെ പ്രതീകം ആ പുതുക്കി പണിത സെന്റ് പോൾസ് കത്തീഡ്രലായി മാറി കഴിഞ്ഞു.
ഈ ചരിത്രം സംഭവത്തെ കുറിച്ചു നിരവധി കൃതികൾ ലഭ്യമാണ്. ഗിഡിയൻ ഹാർവിയുടെ “അൻ ഹിസ്റ്ററിക്കോൽ നാറേറ്റീവ് ഓഫ് ദി ഗ്രേറ്റ് ആൻഡ് ടെറിബിൾ ഫയർ ഓഫ് ലണ്ടൻ, സെപ്റ്റംബർ. 2nd 1666” (An Historical Narrative of the Great and Terrible Fire of London, Sept. 2nd 1666), ചാൾസ് റിവറിന്റെ “ദി ഗ്രേറ്റ് ഫയർ of ലണ്ടൻ” (The Great Fire of London) ജേക്കബ് ഫീൽഡ് രചിച്ച “ലണ്ടൻ, ലണ്ടനേഴ്സ് ആൻഡ് ദി ഗ്രേറ്റ് ഫയർ ഓഫ് 1666” ( London, Londoners and the Great Fire of 1666) തുടങ്ങിയവയാണ് ഇതിൽ പ്രാധാനം. കൂടാതെ ആ കാലത്ത് ജീവിച്ചിരുന്ന
സാമുവൽ പെപ്പിസിന്റെ ഡയറി കുറിപ്പുകളിലും ഈ ചരിത്ര സംഭവം സൂചിപ്പിക്കുന്നുണ്ട്