അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ ഇന്നും 400ൽ അധികം പേരുടെ മൃതദേഹങ്ങളും പത്തു ടണ്ണിൽ അധികം സ്വർണവും മൂടപ്പെട്ടിരിക്കുകയാണ്. ഷിപ് ഇൻ ഗോൾഡ് എന്ന വിളിപ്പേരുള്ള ആ കഥ നിങ്ങൾക്കറിയാമോ?.
അമേരിക്കയിലെ പ്രധാന നഗരമായ കാലിഫോർണിയയിൽ 1848 ജനുവരി 24ന് ജെയിംസ് മാർഷൽ എന്ന തൊഴിലാളി സ്വർണ്ണത്തിന്റെ അംശങ്ങൾ കണ്ടെത്തുന്നതിലൂടെയാണ് കഥക്ക് തുടക്കം കുറിക്കുന്നത്. പിന്നാലെ തെളിഞ്ഞത് സ്വർണ്ണത്തിന്റെ വൻ നിക്ഷേപമായിരുന്നു. അങ്ങനെ കിട്ടിയിരുന്ന സ്വർണം പിന്നീട് കപ്പലുകൾ വഴി അമേരിക്കയുടെ കിഴക്കൻ പ്രദേശത്തേക്ക് കൊണ്ടുപോകാൻ ആരംഭിച്ചു. അതിനായി ഉപയോഗിച്ചിരുന്ന ഒരു പ്രധാന കപ്പലായിരുന്നു എസ്എസ് സെൻട്രൽ അമേരിക്ക.


1857 സെപ്റ്റംബർ മൂന്നിന് പനാമയിലെ അസ്പിൻവാൾ ( ഇന്നത്തെ കൊളോൺ) തുറമുഖത്ത് നിന്ന് ഈകപ്പൽ പുറപ്പെടുന്നു. ന്യൂയോർക്ക് സിറ്റി ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ച എസ്എസ് സെൻട്രൽ അമേരിക്കൻ കപ്പലിൽ ഉണ്ടായിരുന്നത് 477 യാത്രക്കാരും 101 ജീവനക്കാരും അടക്കം 578 പേരായിരുന്നു. കൂടാതെ സ്വർണനാണയങ്ങളും, സ്വർണ്ണക്കട്ടികളും ( സ്വർണ ഇൻഗോട്ടുകൾ), പൊടികളുമെല്ലാം അടക്കം പതിമൂന്ന് ടണ്ണിൽ അധികം സ്വർണവുമുണ്ടായിരുന്നു.
എന്നാൽ ആറു ദിവസങ്ങൾക്ക് ശേഷം അഥവാ സെപ്റ്റംബർ ഒമ്പതിന് അവരാരും പ്രതീക്ഷിക്കാതെ അറ്റ്ലാന്റിക് സമുദ്രത്തിൽ ചുഴലികാറ്റ് ആഞ്ഞുവീശുന്നു. ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ കൂടെ മഴയും കൂടി എത്തിയതോടെ കപ്പലിൽ വെള്ളം ഇരച്ചു കയറി. ജീവനക്കാരും യാത്രക്കാരും വെള്ളം പുറത്തേക്ക് കളയാൻ ശ്രമിച്ചെങ്കിലും കാറ്റിന്റെ ശക്തി അതിനെയെല്ലാം വിഫലമാക്കി.
രണ്ടു ദിവസം കഴിഞ്ഞിട്ടും കാറ്റിനും മഴക്കും ശക്തി കൂടി എന്നല്ലാതെ ഒരുതരത്തിലും കുറഞ്ഞില്ല. തുടർന്ന് സെപ്റ്റംബർ 12ന് ക്യാപ്റ്റനായ വില്യം ഹെർൻഡൻ നിരന്തരമായ സഹായ അഭ്യർത്ഥനത്തെ തുടർന്ന് എസ്.എസ്. എലൻ (S.S. Ellen) എന്ന
കപ്പൽ ഇവർ കുടുങ്ങിയ സ്ഥലത്ത് എത്തി ചേരുന്നു.
ഹെർൻഡനിന്റെ നിർദ്ദേശപ്രകാരം കുട്ടികളെയും സ്ത്രീകളുമടക്കം 153 പേർ ആ കപ്പലുകളിൽ കയറി. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന ചെറിയ ബോട്ടുകൾ ഉപയോഗിച്ച് നിരവധി സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തുന്നു . എന്നാൽ എസ്.എസ്. എലൻ എന്ന കപ്പലും ആ കൊടുങ്കാറ്റിൽ എങ്ങും പോകാനാകാതെ കുടുങ്ങി.
കൊടുങ്കാറ്റിന്റെ ശക്തി വീണ്ടും കൂടിയതോടെ മറ്റു കപ്പലുകൾക്കും എത്തിച്ചേരാനും സാധിക്കുന്നില്ല. മാത്രമല്ല രക്ഷാപ്രവർത്തനത്തിലും ഇത് മൂലം പ്രശ്നങ്ങൾ നേരിടുന്നു.
എന്നാൽ ആ ദിവസം തന്നെ (1857 സെപ്റ്റംബർ 12) രക്ഷാപ്രവർത്തനത്തിനിടയിൽ രാത്രി ഏകദേശം എട്ടു മണിക്ക് എസ്എസ് സെൻട്രൽ അമേരിക്ക എന്ന ആ കപ്പൽ കടലിനടിയിൽ മുങ്ങിതാഴ്ന്നു. 425 പേരുടെ ജീവനാണ് ആ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മാത്രമല്ല പത്തു ടണ്ണിൽ അധികം സ്വർണവും കടലിനടിയിലേക്ക് താഴ്ന്നു.
പിറ്റേദിവസം കാറ്റിന്റെ ശക്തി കുറഞ്ഞതോടെ സഹായത്തിനായി മറൈൻ (Marine) എന്ന കപ്പലും കൂടി എത്തിയതോടെ അവിടെ കുടുങ്ങിയ എസ്.എസ്. എലനിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെയും രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും എസ്എസ് സെൻട്രൽ അമേരിക്ക മുഴുവനായി മുങ്ങിത്താഴ്ന്നിരുന്നു.
എസ്എസ് സെൻട്രൽ അമേരിക്കയുടെ ക്യാപ്റ്റനായിരുന്ന വില്യം ഹെർൻഡന്റെ ധീരപ്രവർത്തിയെ ( കുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്താൻ നിർദ്ദേശിച്ചത്) ഇന്നും അമേരിക്കൻ ജനത ഓർക്കുന്നുണ്ട്.
പിന്നീട് 130 വർഷങ്ങൾക്ക് ശേഷം 1988ൽ ടോമി തോംസൺ എന്ന അമേരിക്കൻ ഗവേഷകന്റെ നേതൃത്വത്തിൽ നടന്ന തിരച്ചലിൽ ദക്ഷിണ കരോലിന തീരത്തിന് സമീപമായി ഏകദേശം 8,000 അടി (2,400 മീറ്റർ) ആഴത്തിലായി സ്വർണ്ണനാണയങ്ങളും, പൊടികളും കണ്ടെത്താൻ സാധിച്ചു. എന്നാൽ ഇതു നഷ്ടപ്പെട്ടതിന്റെ ചെറിയ ശതമാനം മാത്രമാണ് അന്ന് അവർക്ക് കിട്ടിയത്. ബാക്കി സ്വർണം ഇന്നും ആ കടലിനടിയിൽ ഭദ്രമാണ്.
അതിനാൽ തന്നെയാണ് ഈ കപ്പലിന് ഷിപ് ഇൻ ഗോൾഡ് എന്ന പേരും വരാൻ കാരണമായത്.
കൂടാതെ കപ്പലിന്റെ നിരവധി അവശിഷ്ടങ്ങളും യാത്രക്കാരുടെ വസ്തുക്കളും ഇവർക്ക് ലഭിച്ചു. ഈ തിരച്ചിൽ നടന്ന ദിവസം സെപ്റ്റംബർ 11നാണ് എന്നതും വളരെയേറെ വിചിത്രമാണ്.
ഇന്നും ബാക്കി കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കപ്പലിന്റെ അഞ്ചു ശതമാനം മാത്രമാണ് തിരച്ചിൽ നടത്താൻ സാധിച്ചത്.