യാത്രകൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ്, ലോകം മുഴുവൻ ചുറ്റുക എന്നതും പലരുടെയും സ്വപ്നങ്ങളിലും ഉണ്ടാകും. ഓരോ യാത്രകൾ തരുന്ന അറിവുകളും അനുഭവങ്ങളുമെല്ലാം നമ്മൾ എന്നും ഓർത്തിരിക്കും.
ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഓരോ യാത്രാ വീഡിയോകളും കാണാനും അത് ആസ്വദിക്കാനും നമ്മൾ ഇഷ്ടപ്പെടുന്നു.
ഇന്നത്തെ ദിവസം ഒരു യാത്രയെ കുറിച്ചാണ്
ചരിത്രത്തിൽ ആദ്യമായി ലോകം ചുറ്റാൻ യാത്രക്കിറങ്ങിയ ഒരാളെക്കുറിച്ച്.
“ഫെർഡിനാൻഡ് മാഗെല്ലൻ”
ഈ യാത്രയിലൂടെ പല നിർണായക കണ്ടെത്തലുകളും ലോകത്തിന് അദ്ദേഹം സമ്മാനിച്ചു.
1480 ഫെബ്രുവരി നാല് പോർച്ചുഗലിലെ സബ്രോസ എന്ന ഗ്രാമത്തിലെ ഒരു ചെറിയ പ്രഭു കുടുംബത്തിൽ ആയിരുന്നു മാഗെല്ലന്റെ ജനനം. പ്രഭു കുടുംബമായതുകൊണ്ട് തന്നെ രാജകീയ കൊട്ടാരത്തിൽ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം നാവിക വിജ്ഞാനത്തിലും ഗണിതത്തിലുമായിരുന്നു താല്പര്യം പ്രകടിപ്പിച്ചത്.
1505ൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം പോർച്ചുഗീസ് നാവികസേനയിൽ ചേർന്നു. തുടർന്ന് നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും, ഇന്ത്യയിലുമെല്ലാം സേവനം അനുഷ്ഠിച്ച മാഗെല്ലൻ നിരവധി യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 1509ലെ ഇന്ത്യയിലെ ദിയു യുദ്ധം, 1513ലെ മൊറോക്കൻ യുദ്ധം എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ടതാണ് .
എന്നാൽ രാജ്യത്തിനുവേണ്ടി ജീവൻ വരെ പണയം വെച്ച് പോരാടിയ ഇദ്ദേഹത്തിനെ പോർച്ചുഗീസ് രാജാവ് ഇഷ്ടപ്പെട്ടിരുന്നില്ല. അത് ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കും വഴി തെളിയിച്ചു
ശേഷം അയൽ രാജ്യമായ സ്പെയിനിലേക്ക് കൂടിയേറിയ മാഗെല്ലൻ അവിടുത്തെ രാജാവായ ചാൾസ് ഒന്നാമന്റെ വിശ്വസ്തനായി മാറി. തുടർന്ന് രാജാവിന്റെ നിർദ്ദേശപ്രകാരം ഏഷ്യൻ രാജ്യങ്ങളിലേക്ക് പുതിയ കടൽ മാർഗം കണ്ടെത്താൻ തീരുമാനിക്കുന്നു.
പോർച്ചുഗൽ പോലെയുള്ള രാജ്യങ്ങൾ കിഴക്കോട്ട് പോയി ആഫ്രിക്കൻ രാജ്യങ്ങളെ ചുറ്റിയിട്ടാണ് ഏഷ്യയിലേക്ക് എത്തിയിരുന്നത്. എന്നാൽ ഭൂമി ഉരുണ്ടതാണെന്ന വിശ്വസിച്ച മാഗെല്ലൻ പടിഞ്ഞാറു ഭാഗത്ത് കൂടി പോയാലും ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുമെന്നും, ഇതിലൂടെ ലോകം മുഴുവൻ ചുറ്റാൻ കഴിയുമെന്നും, മാത്രമല്ല ഇതിലൂടെ സ്പാനിഷ് ഭരണം ലോകം മുഴുവൻ വ്യാപിപ്പിക്കാമെന്നും രാജാവിനോട് പറയുന്നു. ഇന്ത്യയെ തേടിയിറങ്ങിയ കൊളംബസിന്റെ യാത്ര തന്നെയാണ് ഇദ്ദേഹത്തിന് പ്രതീക്ഷകൾ നൽകിയതും.
ചാൾസ് ഒന്നാമൻ ഈ യാത്രയ്ക്ക് അനുമതി നൽകിയതോടെ 1519 സെപ്റ്റംബർ 20ന് അഞ്ച് കപ്പലുകളുമായി , ഏകദേശം 270 കൂട്ടാളികളുമായി മാഗെല്ലൻ ആ സ്വപ്ന സാഫല്യത്തിനായി ഇറങ്ങി.
1520ൽ ദക്ഷിണ അമേരിക്കയിൽ എത്തുകയും കുറച്ചു മാസങ്ങൾ ബ്രസീലിലും അർജന്റീനയിലുമായി താമസിച്ച ശേഷം വീണ്ടും യാത്രക്ക് തുടക്കം കുറിച്ചു. ഈ യാത്രയിലൂടെ കണ്ടെത്തിയത് ദക്ഷിണ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഒരു കടലിടുക്കായിരുന്നു. അതിനാൽ തന്നെ ഈ കടലിടുക്ക് പിന്നീട് മാഗെല്ലൻ കടലിടുക്ക്” (Strait of Magellan) എന്ന പേരിൽ വിളിക്കപ്പെട്ടു.
പക്ഷേ ഈ യാത്ര വളരെയേറെ ദുരന്തപൂർണമായിരുന്നു. ഏകദേശം പല കപ്പലുകളും ഈ യാത്രയിൽ നഷ്ടമായി. വിശപ്പും ദാഹവും മൂലം പലരും മരണപ്പെട്ടു, വിശപ്പടക്കാനായി എലിയെ വരെ ഭക്ഷിച്ചു എന്നും പറയപ്പെടുന്നു.
ശേഷം 1521ൽ ഗുവാം വഴി ഫിലിപ്പൈൻസിലെത്തുന്നു, തുടർന്ന് അവിടുത്തെ അധികാരികളുമായി സൗഹൃദം സ്ഥാപിച്ച മാഗെല്ലൻ അവിടെ ക്രിസ്തുമതം വ്യാപിക്കാൻ ശ്രമിക്കുന്നു. രാജാവ് ക്രിസ്തുമതം സ്വീകരിച്ച് ഇദ്ദേഹത്തിന് പൂർണ പിന്തുണ നൽകി.
പക്ഷെ അടുത്ത ദ്വീപായ മക്ടാനിലെ ചീഫ് ലാപു-ലാപു ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിക്കുന്നു, പിന്നീട് ഇത് വഴി വച്ചത് ഒരു യുദ്ധത്തിലേക്ക് ആയിരുന്നു. തുടർന്ന് 1521 ഏപ്രിൽ 27ന് യുദ്ധം മൂലം മാഗെല്ലൻ കൊല്ലപ്പെട്ടു.
ഇത് സ്പാനിഷ് സൈന്യത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കി, തുടർന്ന് തിരികെ തന്നെ പോകാൻ അവർ തീരുമാനിക്കുന്നു. മാഗെല്ലന്റെ മൃതദേഹം ഇവർ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ അത് വിട്ടു നൽകിയില്ല.
ശേഷം ജുവാൻ സെബാസ്റ്റ്യൻ എൽക്കാനോ എന്ന വ്യക്തി നേതൃത്വം ഏറ്റെടുക്കുകയും ഇന്ത്യനേഷ്യ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി സ്പെയിനിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നു. ശേഷം ഇന്ത്യ സമുദ്രം വഴി ആഫ്രിക്കയിലേക്ക് കടക്കുകയും പിന്നീട് ഇവർ 1522 സെപ്റ്റംബർ ആറിന് സ്പെയിനിലെ സെവിയ്യ തുറമുഖത്തേക്ക് എത്തിച്ചേർന്നു.
അഞ്ച് കപ്പലുകളുമായി പുറപ്പെട്ട ഇവർ തിരികെ എത്തിയത് വിക്ടറിയോ എന്ന കപ്പലിൽ മാത്രമായിരുന്നു. യാത്രക്ക് പുറപ്പെട്ട 270 പേരിൽ ജീവനോടെ തിരിച്ചെത്തിയത് വെറും 18 പേരായിരുന്നു.
ജീവനുകളും കപ്പലുകളും എല്ലാം നഷ്ടപ്പെട്ടെങ്കിലും ആദ്യമായി ലോകം ചുറ്റിയ യാത്ര എന്ന് ഇത് അറിയപ്പെടുന്നു, യാത്രയ്ക്ക് തുടക്കം കുറിച്ച മാഗെല്ലന് ഈ യാത്ര പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഇന്നും ഈ യാത്ര അറിയപ്പെടുന്നത്.
അന്നത്തെ ആ യാത്രയിലൂടെ ശാസ്ത്രം അതുവരെ സംശയിച്ചിരുന്ന ഒരു കാര്യം ഉറപ്പിച്ചു.
” ഭൂമി ഉരുണ്ടത് തന്നെയാണ്”