ഈ കാലയളവിനുള്ളിൽ ഏകദേശം അമ്പതിലധികം രാജ്യങ്ങളാണ് ബഹിരാകാശങ്ങളിലേക്ക് ആളുകളെ അയച്ചത്. നിരവധി രാജ്യങ്ങൾ ബഹിരാകാശ സ്പേസ് സ്റ്റേഷനിലേക്കും പറഞ്ഞയച്ചു. എന്നാൽ ബഹിരാകാശ സ്പേസ് സ്റ്റേഷനിലേക്ക് എത്തിയ ആദ്യ അറബ് യാത്രികനെ അറിയാമോ?
നിരവധി അറബ് യാത്രികർ ബഹിരാകാശത്ത് എത്തിയിട്ടുണ്ടെങ്കിലും, ബഹിരാകാശ സ്പേസ് സ്റ്റേഷനിലേക്ക് എത്തിയ ആദ്യ അറബ് യാത്രികനായ ഹസ്സാ അൽ മൻസൂരി ആ ചരിത്രം സൃഷ്ടിച്ചത് സെപ്റ്റംബർ 25നായിരുന്നു. ബഹിരാകാശത്ത് എത്തുന്ന ആദ്യ യുഎഇ പൗരനും അൽ മൻസൂരി തന്നെ.
1983 ഡിസംബർ 13ന് യുഎഇയിലെ അൽഐനിൽ ജനിച്ച ഹസ്സാ അൽ മൻസൂരി പൈലറ്റ് ആവണമെന്ന മോഹത്തിൽ യുഎഇ സൈനിക അക്കാദമിയിലാണ് പഠിച്ചത്. ശേഷം യുഎഇ എയർ ഫോർസിൽ ചേർന്ന ഇദ്ദേഹം നിരവധി യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്.
2018ൽ യുഎഇ ഗവൺമെന്റ് അസ്ട്രോണോട്ട് പ്രോഗ്രാം ആരംഭിച്ചു. ഇതിന്റെ പ്രധാന ലക്ഷ്യം രാജ്യം ആദ്യമായി ബഹിരാകാശത്തിലേക്ക് അയക്കാൻ പ്രാപ്തരായവരെ തിരഞ്ഞെടുക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുപേരെ ഭരണകൂടം തിരഞ്ഞെടുത്തു. അതിൽ ഒരാൾ ഹസ്സാ അൽ മൻസൂരിയായിരുന്നു.
രണ്ടാമത്തെ വ്യക്തി സുൽത്താൻ അൽ നെയാദിയും.
തുടർന്ന് റഷ്യയിലേക്ക് പറന്ന ഹസ്സാ അൽ മൻസൂരി അവിടെ ബഹിരാകാശ യാത്രക്കുള്ള പരിശീലനം നേടി.
2019 സെപ്റ്റംബർ 25ന് റഷ്യയുടെ തന്നെ വാഹനമായ റഷ്യൻ സോയൂസ് എം.എസ്-15 ( Russian Soyuz MS-15) ൽ കസാക്കിസ്ഥാനിലെ ബൈകോനൂർ കോസ്മോഡ്രോം എന്ന സ്ഥലത്ത് വെച്ച് പറന്നുയർന്നു. ഹസ്സായുടെ സഹയാത്രികരായി ഒലെഗ് സ്ക്രിപ്പോച്ക എന്ന റഷ്യക്കാരനും ജെസ്സിക്ക മീർ എന്ന അമേരിക്കൻ ബഹിരാകാശ യാത്രക്കാരിയും ഉണ്ടായിരുന്നു. ഏകദേശം 6 മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ബഹിരാകാശ സ്പേസ് സ്റ്റേഷനിൽ എത്തിയ ഇവർ അവിടെ എട്ടു ദിവസം ചെലവഴിച്ചു.
ഈ ദിവസത്തിനിടയിൽ നിരവധി പരീക്ഷണങ്ങളിൽ ഏർപ്പെട്ട ഹസ്സായും മറ്റുള്ളവരും സ്റ്റേഷനിൽ നിന്ന് യുഎഇ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വീഡിയോ കോൾ വിളിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയുമുണ്ടായി. യു എ ഇ പതാകയും, ദേശീയ ചിഹ്നങ്ങളും എല്ലാം സ്പേസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ശേഷം 2019 ഒക്ടോബർ മൂന്നിന് ചരിത്രം സൃഷ്ടിച്ച് ഹസ്സാ ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ പുതിയ യാത്രക്കാരും പുതിയ വാഹനവുമായിരുന്നു. സോയൂസ് എം.എസ്-12 വാഹനത്തിൽ തിരിച്ചിറങ്ങിയ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് റഷ്യക്കാരനായ അലക്സി ഓവ്ചിനിനും, അമേരിക്കക്കാരൻ നിക് ഹെജുമായിരുന്നു.
സുൽത്താൻ അൽ നെയാദി 2023-ൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട് ഹസ്സാക്ക് ശേഷം ആ ചരിത്രം സൃഷ്ടിക്കുന്ന രണ്ടാമത്തെ വ്യക്തിയായി.