2018 ആഗസ്റ്റ് 31 വെള്ളിയാഴ്ച, ഗ്വാം ദ്വീപിനടുത്തുള്ള പസഫിക് സമുദ്രത്തിലൂടെ പോവുകയായിരുന്ന എം.വി. അർപെജിയോ (MV Arpeggio) എന്ന പനാമൻ ചരക്കു കപ്പലിലെ ജീവനക്കാർക്ക് ഒരു റേഡിയോ സിഗ്നൽ ലഭിക്കുന്നു. രക്ഷിക്കണേ.. എന്ന ഉച്ചത്തിലുള്ള ശബ്ദം ആ റേഡിയോയിലൂടെ ഉച്ചത്തിൽ കേട്ട ജീവനക്കാർ കടലിലേക്ക് നോക്കിയപ്പോൾ കണ്ടത് പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഒരു കൗമാരക്കാരൻ നിസ്സഹായനായി നിലവിളിക്കുന്നു, അതും ഒരു വഞ്ചിയിൽ നിന്ന്.
മീൻ പിടുത്തക്കാർ സാധാരണ ഉപയോഗിക്കുന്ന റോംപോംഗ് എന്ന് വിളിക്കപ്പെടുന്ന മത്സ്യബന്ധന വഞ്ചിയിലാണ് അവൻ. ചെറിയ കുടിലോടു കൂടിയതാണ് വഞ്ചി. ആ വഞ്ചിയുടെ അടുത്തേക്ക് ദിശ മാറ്റിയ അർപെജിയോ കയറുകളും ലൈഫ് ജാക്കറ്റും ഇട്ടുകൊടുത്ത് സുരക്ഷ ഉറപ്പാക്കിയ ശേഷം കപ്പലിലേക്ക് അവനെ വലിച്ചു കയറ്റി. ശേഷം വെള്ളവും ഭക്ഷണവും നൽകി ആരോഗ്യം ഉറപ്പുവരുത്തി. ശേഷം ജീവനക്കാർ അടുത്തുള്ള ജപ്പാനിലെ ഓസക തുറമുഖമായി ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിച്ചു.
ഇതിനിടയിൽ അവന്റെ കഥയറിഞ്ഞ കപ്പലിലെ ജീവനക്കാരിൽ വലിയ ഞെട്ടലുകളാണ് ഉണ്ടാക്കിയത്.
19 വയസ്സ് തികയാൻ പോകുന്ന അൽദി നോവൽ അദിലാങ് എന്ന അവൻ 49 ദിവസങ്ങൾക്കു മുമ്പ് അഥവാ ജൂലൈ 14ന് കരയിൽ നിന്ന് കുറച്ച് മാത്രം അകലെയായി മീൻ പിടിക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെ വന്ന ശക്തമായ കാറ്റ് കാരണം വഞ്ചിയുടെ കയറുകള്‍ പൊട്ടുകയും ലക്ഷ്യമില്ലാതെ ഒഴുകി പോവുകയുമായിരുന്നു. ദിവസങ്ങളോളം കടലിൽ ഒറ്റപ്പെട്ടുപോയ അൽദി ദൈവത്തെ വിളിച്ച് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മഴവെള്ളം ശേഖരിച്ചു ദാഹമടക്കി. വിശപ്പ് അകറ്റിയതാകട്ടെ കടലിലെ ചെറുമീനുകളെ പിടിച്ച ശേഷം വഞ്ചിയിലെ ചില മരത്തടികൾ ഉപയോഗിച്ചു വേവിച്ചായിരുന്നു. പല ദിവസങ്ങളിലും കടൽവെള്ളം മാത്രം കുടിച്ചിട്ടുണ്ടെന്ന് അൽദി പറയുന്നു. ഈ ദിവസങ്ങൾക്കിടയിലെല്ലാം പത്തിലധികം കപ്പലുകളെ കണ്ട് രക്ഷാഭ്യർത്ഥന നടത്തിയിരുന്നു. ഒരു ഫലവുമുണ്ടായില്ല എന്നും അവൻ വ്യക്തമാക്കി. പലതവണ ജീവനെ ഭയന്ന് അലറിക്കരഞ്ഞു, കേൾക്കാൻ ആരുമുണ്ടാകാത്തത് കൂടുതൽ ഭയപ്പെടുത്തി- അൽദി വ്യക്തമാക്കി.
സെപ്റ്റംബർ ആറിന് ജപ്പാനിൽ എത്തിച്ചശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ടു ദിവസങ്ങൾക്കു ശേഷം ഇന്തോനേഷ്യയിലേക്ക് വിമാനത്തിൽ പറന്നത്തുകയും കുടുംബത്തിന് അരികിലെത്തുകയുമുണ്ടായി.
നടുക്കടലിൽ നിന്ന് കപ്പലിൽ ജീവനക്കാർ രക്ഷപ്പെടുത്തിയ കൗമാരക്കാരന്റെ ദൈവത്തോട് കൈക്കൂപ്പി നന്ദി അറിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.