ഈ ആധുനിക കാലത്ത് നമ്മൾക്ക് എന്തേലും സംശയമോ അല്ലെങ്കിൽ എന്തെങ്കിലും വിവരം കിട്ടണമെങ്കിൽ ആരോട് ചോദിക്കും. ഈ ലോകത്തുള്ള 60 ശതമാനത്തോളം ജനങ്ങൾ ഉപയോഗിക്കുന്ന ഗൂഗിളായിരിക്കാം നിങ്ങളിൽ അധികപേരും ഉപയോഗിക്കുന്നത്. സെപ്റ്റംബർ നാലിനും ഗൂഗിളിനും തമ്മിലുള്ള ബന്ധം നിങ്ങൾക്കറിയാമോ
1995 അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥികളായ ലാറി പേജ്, സെർഗി ബ്രിൻ എന്നിവർ കണ്ടുമുട്ടുന്നു. തുടക്കത്തിൽ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്ന ഇവരെ ഒരുമിപ്പിച്ചത് കമ്പ്യൂട്ടർ എന്ന ആ ലോകമായിരുന്നു.
1996ൽ ഇവരുടെ ഉള്ളിൽ ഒരു ആശയം ഉദിക്കുന്നു. ” ലോകത്തുള്ള എല്ലാ വിവരങ്ങളും ഒരൊറ്റ ക്ലിക്കിൽ “. അതിനെ തുടർന്ന് “ബാക്ക് റബ്ബ് ( Back Rub) എന്ന പേരിൽ ഒരു വെബ്സൈറ്റിനും തുടക്കമിട്ടു.
അന്ന് ഉണ്ടായിരുന്ന യാഹൂ പോലെയുള്ള മറ്റു വെബ്സൈറ്റുകളെ അപേക്ഷിച്ചു ഇവർക്ക് വ്യത്യസ്ത ഉണ്ടായിരുന്നു. ഒരാൾ എന്തെങ്കിലും സെർച്ച് ചെയ്താൽ ആദ്യം ലഭിക്കുന്ന ഉത്തരം ഇതേ വിഷയത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉറപ്പുവരുത്തിയതും, വിശ്വാസിയോഗ്യമായ ഉത്തരങ്ങളുമാകും.
1997ൽ Back Rub എന്ന പേര് പഴഞ്ചൻ ആണെന്ന് തോന്നൽ കാരണം പുതിയൊരു പേര് വേണമെന്ന ആവശ്യം ഇവർക്കിടയിൽ വന്നു. അങ്ങനെയാണ് ഒരാശയം ഉദിക്കുന്നത്. ” ഒന്നിനുശേഷം 100 പൂജ്യങ്ങളുള്ള ” സംഖ്യയായ ഗൂഗോൾ (Googol) എന്ന പേരിടാൻ തീരുമാനിക്കുന്നു. എന്നാൽ അവരോടൊപ്പം പ്രൊജക്ടിൽ ഉണ്ടായിരുന്ന സീൻ ആൻഡേഴ്സൺ എന്ന വിദ്യാർത്ഥി Googol എന്ന പേരിനെക്കുറിച്ച് കമ്പ്യൂട്ടറിൽ സെർച്ച് ചെയ്തപ്പോൾ അക്ഷരം തെറ്റി കൊടുത്തത് google.com എന്നായി. കൂടുതൽ രസകരവും പറയാൻ എളുപ്പമായ ഈ വാക്കിഷ്ടപ്പെട്ട ലാറി പേജും, സെർഗി ബ്രിനും ഈ പേരിൽ ഉറച്ചുനിന്നു.
അങ്ങനെ 1998 സെപ്റ്റംബർ നാലിന് Google Inc. ഔദ്യോഗികമായി സ്ഥാപിച്ചു. ആദ്യത്തെ ഓഫീസായി പ്രവർത്തിച്ചിരുന്നത് സുഹൃത്തായ സൂസൻ വോജ്‌സിക്കിയുടെ പേരിലുള്ള ഒരു ഗാരേജിലായിരുന്നു. ഇവർ പിന്നീട് യൂട്യൂബിന്റെ സിഇഒയായി അധികാരമേറ്റിരുന്നു.
വളരെ പെട്ടെന്ന് ജനങ്ങൾ ഏറ്റെടുത്ത ഗൂഗിൾ പിന്നീട് ലോകത്തിന് ഗൂഗിൾ സെർച്ച്, മാപ്പ്, ഗൂഗിൾ ക്രോം, ജി മെയിൽ, പ്ലേ സ്റ്റോർ പോലെയുള്ള സേവനങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ വീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ യൂട്യൂബ് 2006ൽ ഇവർ വാങ്ങിയിരുന്നു.
ഇന്ന് എഐ ജെമിനി പോലെയുള്ള നിരവധി സാങ്കേതിക വിദ്യകൾ അടങ്ങിയ സേവനങ്ങൾ ഗൂഗിൾ ഉറപ്പുവരുത്തുന്നുണ്ട്. ഇന്ന് വർഷത്തിൽ 30.026 ട്രില്യണിലധികം രൂപയാണ് ഇവരുടെ വരുമാനം.
ഇനി മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട്. തുടക്കകാലത്ത് വെറും ഏഴു കോടി രൂപക്ക് ഗൂഗിളിനെ വിൽക്കാൻ പേജും, സെർഗി ബ്രിനും യാഹൂവിനെ സമീപിച്ചപ്പോൾ അവസരം തള്ളിക്കളഞ്ഞു. തുടർന്ന് 2003ൽ പതിനാലായിരം കോടിക്ക് യാഹൂ ഗൂഗിളിനെ സമീപിച്ചെങ്കിലും ഇത്തവണ നിരസിച്ചത് ഗൂഗിളായിരുന്നു. ഇന്ന് ഗൂഗിൾ ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ യാഹൂ വൻ നഷ്ടത്തിലായതിനെ തുടർന്നു അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് 2021ൽ ഇവരെ വാങ്ങി.