നീൽ ആൽഡെൻ ആംസ്ട്രോങ്, ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ മനുഷ്യൻ ആ ചരിത്ര നായകൻ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 13 വർഷം തികയുന്നു.
1930 ആഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ
ഓഹിയോക്കടുത്തുള്ള വാപ്പാക്കൊനേറ്റയിലായിരുന്നു ജനനം. 1966 മാർച്ചിൽ നടന്ന ജെമിനി 8 എന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം ആദ്യമായി ബഹിരാകാശത്തേക്ക് പോയത്. ഈ യാത്രയിലായിരുന്നു ചരിത്രത്തിൽ ആദ്യമായി രണ്ട് ബഹിരാകാശ പേടകങ്ങൾ (Gemini 8 capsule & Agena target vehicle) വിജയകരമായി ഡോക്ക് ചെയ്യാൻ സാധിച്ചത്. പക്ഷെ ദൗത്യം തീരുന്നതിനു മുമ്പേ സുരക്ഷാ പ്രശ്നങ്ങൾ കാരണം അവസാനിപ്പിക്കേണ്ടി വന്നു.
എന്നാൽ മൂന്നുവർഷങ്ങൾക്ക് ശേഷം, 1969 ജൂലൈ 16ന് പുറപ്പെട്ട അപ്പോളോ 11 ദൗത്യത്തിലെ കമാൻഡറായിരുന്നു ആംസ്ട്രോങ്. കൂടെ ബസ് ആൽഡ്രിൻ,
മൈക്കൽ കൊളിൻസ് എന്ന രണ്ടു പേരും ഉണ്ടായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം ലോകത്തെ സാക്ഷിയാക്കി ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. ഇതോടെ ചന്ദ്രനിൽ കാലുകുത്തുന്ന ചരിത്രത്തിലെ ആദ്യ മനുഷ്യൻ എന്ന വിശേഷണത്തിനും അദ്ദേഹം അർഹനായി. ജൂലൈ 24ന് ഇവർ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിലെത്തി. പിന്നീട് അമേരിക്കയുടെ പല ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും അർഹനായ ഇദ്ദേഹം 2012 ആഗസ്റ്റ് 25ന് ആരോഗ്യപ്രശ്നങ്ങൾ കാരണം ലോകത്തോട് വിട പറഞ്ഞു.