പത്തനാപുരം– ഗർഭിണിയായ യുവതി ഇരട്ടക്കുട്ടികളിൽ ഒന്നിന് ജന്മം നൽകിയത് ആംബുലൻസിൽ. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകകിയത്.
പത്തനാപുരം മഞ്ചള്ളൂരിൽ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിനെ വിളിക്കുകയായിരുന്നു. മിനിറ്റുകൾക്കകം എത്തിചേർന്ന ആംബുലൻസ് യുവതിയേയും കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി. പിറവന്തൂരിൽ എത്തിയപ്പോൾ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലൻസിൽതന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. തുടർന്ന് യുവതി ആംബുലൻസിൽ ആദ്യകുഞ്ഞിനു ജന്മം നൽകിയത്.
നിത പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി. ആശുപത്രി ലേബർ റൂമിൽവെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.