ഒലിവ് ഓയിൽ ഉൾകൊള്ളുന്ന ആരോഗ്യ ഫലങ്ങളും പോഷക മൂല്യങ്ങളും ഇനിയും വിശദീകരിക്കേണ്ടാ, അത്രക്ക് സുവിദിതമാണത്. എന്നാൽ ഒലിവ് മരത്തിന്റെ ഇലകളെ കുറിച്ച് നമ്മിലെത്ര പേർക്കറിയാം? എന്തറിയാം?? ഓയിലിനേക്കാൾ ഒട്ടും കുറവല്ല ആ വിശിഷ്ട മരത്തിന്റെ ഇല എന്ന് മാത്രം ആദ്യത്തിൽ മനസ്സിലാക്കുക. അറബ് രാജ്യങ്ങളിൽ ഉൾപ്പെടെ ഭക്ഷണത്തിലെ ഒരു വിശേഷ വിഭവമാണ് ഒലിവെണ്ണ. ഒലിവ് കായയും എണ്ണയും ആരോഗ്യത്തിന് എത്രത്തോളം ഗുണകരവും ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ഒട്ടേറെ പോഷകങ്ങളാൽ സമ്പന്നവുമാണ് അതെന്നത് തന്നെ അതിന് കാരണം.
എന്നാൽ, ഒലിവ് മരത്തിന്റെ ഇലകൾ അതിൽ നിന്നുള്ള എണ്ണയേക്കാൾ ആരോഗ്യ പരിപാലനത്തിന് ഒട്ടും പിന്നിലല്ലെന്ന് സമീപകാല പഠനങ്ങൾ വെളിച്ചത്ത് കൊണ്ട് വന്നിട്ടുണ്ട്.
ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ അഥവാ ഒലിയൂറോപിൻ:
ഒലിവ് ഇലകളിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ – പ്രത്യേകിച്ച് ഒലിയൂറോപിൻ എന്ന സംയുക്തം ഉണ്ട്. ഒലിവ് മരങ്ങളുടെ (Olea europaea) ഇലകൾ, പുറംതൊലി, പഴങ്ങൾ എന്നിവയിൽ കാണപ്പെടുന്ന പ്രകൃതിദത്തമായ ഒരു സംയുക്തമാണ് ഒലിയൂറോപീൻ. ഇത് ഒരു തരം പോളിഫെനോൾ ആണ് – പ്രത്യേകിച്ച് ഒരു സെക്കോയിറിഡോയിഡ്. ഒലിവ് മരത്തിന്റെ പല ഔഷധ ഗുണങ്ങൾക്കും നിദാനം തന്നെ ഇതിന്റെ സാന്നിധ്യമാണ്.
ഒലിയൂറോപിൻ എന്ന സംയുക്തം ഒലിവ് ഇലകളിലാണ് സമൃദ്ധമായി കാണപ്പെടുന്നത്.
ഒലിവ് കായയും ഒലിവെണ്ണയും ധാരാളമായി ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ പരമ്പരാഗത മരുന്നായി ഒലിവ് ഇലകൾ ഉപയോഗിച്ചുവരുന്നു. മെഡിറ്ററേനിയൻ മേഖലയിൽ പനി, മലേറിയ, വാതം, ദഹന പ്രശ്നങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾ ചികിത്സക്കായി ഒലിവ് ഇല വ്യാപകമായി ഉപയോഗിച്ച് വരുന്നു.
ആന്റിഓക്‌സിഡന്റുകൾ: ഹൃദ്രോഗം, കാൻസർ എന്നിവയിലും ആശാവഹം.
ഒലിയൂറോപിന് പുറമേ, ഒലിവ് ഇലകളിൽ ഹൈഡ്രോക്സിടൈറോസോൾ, ല്യൂട്ടോലിൻ, എപിജെനിൻ, വെർബാസ്കോസൈഡ് തുടങ്ങിയ മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ഡി എൻ എ കോശ സ്തരങ്ങൾ, കലകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്ന ഒരു പ്രധാന ഘടകമായ ഓക്‌സിഡേറ്റീവ് സ്ട്രെസ്സുകൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരകമായ രോഗങ്ങളെ തടയുന്നതിന് സഹായകരമാവുകയും ചെയ്യുന്നു.
പ്രത്യാശ തുളുമ്പുന്ന ആരോഗ്യ ഫലങ്ങൾ:
സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിലെ ഗവേഷകർ 819 പേരിൽ നടത്തിയ 12 പഠനങ്ങളും പരീക്ഷണങ്ങളും വിശകലനം ചെയ്തപ്പോൾ, ഒലിവ് ഇലയുടെ സത്ത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമപ്പെടുത്തുകയും രക്തസമ്മർദ്ദം അഭികാമ്യമായ വിധത്തിലാക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. വിശേഷിച്ചും ഉയർന്ന രക്തസമ്മർദ്ധം ഉള്ളവരുടെ കാര്യത്തിൽ.
ആറാഴ്ച്ച മുതൽ 48 ആഴ്ച വരെയുള്ള കാലയളവിൽ പ്രതിദിനം 500 മില്ലിഗ്രാം മുതൽ 5 ഗ്രാം വരെയാണ് ഉപയോഗിച്ച പഠന വേളയിൽ ഉപയോഗിച്ച ഡോസുകൾ.
ഷുഗറും പ്രഷറും ക്രമപ്പെടുത്താം:
ഒലിവില മാഹാത്മ്യം സംബന്ധിച്ച മറ്റൊരു പഠനത്തിൽ നിന്ന് രക്തത്തിലെ പഞ്ചസാര, ലിപിഡ് അളവ്, രക്തസമ്മർദ്ദം എന്നിവ ക്രമപ്പെടുത്താനും ഒളിവില പ്രയോജനകരമാണെന്ന് കണ്ടെത്തുകയുണ്ടായി. പഠനത്തിൽ പങ്കെടുത്ത 703 പേരിൽ നടത്തിയവർ ദിവസേന 250 മുതൽ 1,000 മില്ലിഗ്രാം വരെ ഒലിവ് ഇല സത്ത് കഴിക്കുകയുണ്ടായി. ഫലമോ, രക്തത്തിലെ പഞ്ചസാര, ലിപിഡ് അളവ്, രക്തസമ്മർദ്ദം എന്നിവയിൽ ആശാവഹമായ പുരോഗതിയും!
പ്രയോജനങ്ങൾ പിന്നെയും:
ഒലിയൂറോപിൻ, ഹൈഡ്രോക്സിടൈറോസോൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ശരീര ഭാരം, ലിപിഡ് അളവ്, അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യം, ഗ്രാഹ്യശേഷി എന്നിവയിലും പുരോഗതി കണ്ടെത്തിയിട്ടുണ്ട്.
ഒലിവ് ഇല ഇങ്ങിനെയൊക്കെ സേവിക്കാം:
ആരോഗ്യ ഗവേഷകർ ഒലിവ് ഇലയുടെ വിവിധ തരത്തിലുള്ള ഉപയോഗം ഉപദേശിക്കുന്നുണ്ട്. ചായയായി ചേർത്ത് കഴിക്കുക, സലാഡുകളിൽ ഉൾപ്പെടുത്തുക, ഭക്ഷ്യവസ്തുക്കളിൽ പൊടിച്ചു ചേർത്ത് സേവിക്കുക, ജ്യൂസുകളിൽ ചേർക്കുക, ബേക്കിംഗിൽ ഒരു ചേരുവയായി ഉപയോഗിക്കുക എന്നിങ്ങനെയൊക്കെ ഒലിവ് ഇലയുടെ ആരോഗ്യ ഗുണങ്ങൾ അനുഭവിക്കാം. ഇതിലൂടെയെല്ലാം ഇലയിലെ ആന്റിഓക്‌സിഡന്റ് സ്വായത്തമാക്കാം.
ദിനേനയുള്ള ഉചിതമായ അളവ്:
ഒലിവ് ഇലയുടെ സത്ത് പ്രതിദിനം ഒരു ഗ്രാം വരെ അളവിൽ കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, അതോടൊപ്പം, പ്രതിദിനം ശരീര ഭാരത്തിന് ഒരു കിലോയ്ക്ക് 85 മില്ലിഗ്രാം എന്ന തോതിലും കൂടുന്നത് വിപരീത ഫലത്തിന് ഇടവെച്ചേക്കാം എന്നാ ആശങ്കയും നിലവിലുണ്ട്.
എന്നാൽ ഗർഭിണികളും മുലയൂട്ടുന്നവരും ജാഗ്രതൈ!!
എന്നാൽ, ഇതെല്ലാമാണെങ്കിലും രണ്ടു വിഭാഗം സ്ത്രീകൾ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ആണ് ആ രണ്ടു വിഭാഗം സ്ത്രീകൾ. അവരുടെ കാര്യത്തിൽ ഒലിവ് ഇല കഴിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ മതിയായത്ര തോതിലുള്ള ഡാറ്റ ലഭ്യമല്ലെന്ന കാരണം കൊണ്ടാണ് ഈ ജാഗ്രതാ പാലനമാണ് നല്ലതെന്ന ഉപദേശം.