അമീബിക് മസ്തിഷ്കജ്വരം മൂലം കേരളത്തില്‍ ഈ വർഷം മരണപ്പെട്ടത് 17 പേരാണ്. ഇത്രയധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
തലച്ചോറിലുണ്ടാകുന്ന അപൂർവമായ അണുബാധയാണ് അമീബിക് മസ്തിഷ്കജ്വരം. ഇളം ചൂടുള്ള കാലവസ്ഥ ഇഷ്ടപ്പെടുന്ന ചെറുജീവിയാണ് അമീബ. മഴ മാറി ചൂടു കൂടി വരുന്ന കേരളത്തിൽ ഇപ്പോഴത്തെ പ്രധാന വില്ലനാവുകയാണ് അമീബിക് മസ്തിഷ്കജ്വരം. നമ്മുടെ ജലാശയങ്ങളിൽ ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ ജലാശയങ്ങളിൽ അമീബയുടെ സാനിധ്യവും കൂടുതലായിരിക്കും. കുളങ്ങളും കിണറുകളും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം.
ഈ വർഷം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗികളുടെ എണ്ണം കൂടിയത്. കെട്ടിക്കിടക്കുന്നതോ മലിനമോ ആയ വെള്ളത്തിൽ കുളിക്കുന്നവർക്കുമാണ് ഈ രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല. രോഗികളിൽ പലർക്കും കുളത്തിൽ കുളിച്ചതിൻ്റെ പശ്ചാതലമില്ല. കുളിമുറിയിൽ കുളിക്കുന്നവർക്കും ഈ രോഗം ബാധിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. 42-43 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള വെള്ളത്തിലും അമീബക്ക് കഴിയാനാവും എന്നതിനാൽ വെയിലത്ത് ടെറസിനു മുകളിൽ വാട്ടർ ടാങ്ക് ചൂടാവുന്നതോടെ അതിലുള്ള വെള്ളത്തിലും അമീബക്ക് ജീവിക്കാനാകും. വർഷങ്ങളായി വൃത്തിയാക്കാതെ ഉപയോഗിക്കുന്ന ടാങ്കാണെങ്കിൽ പിന്നെ പറയണ്ടല്ലോ.
അമീബിക് മസ്തിഷ്കജ്വരം രണ്ടുതരത്തിലാണുള്ളത്. ‘ബ്രെയിൻ ഈറ്റിംങ്’ അമീബയെന്നു വിളിക്കുന്ന നൈഗ്ലേരിയ ഫൌളരി ഉണ്ടാക്കുന്നതാണ് പൊതുവെ കണ്ടിരുന്ന അമീബിക് മസ്തിഷ്കജ്വരം. ഇത് ഉള്ളിലെത്തിയാൽ 10 ദിവസങ്ങൾക്കകം രോഗലക്ഷണം പ്രകടമാകും. മൂക്കിലൂടെ ഉള്ളിൽ കടക്കുന്ന അമീബ മസ്തിഷ്കത്തിലെത്തി അണുബാധയുണ്ടാക്കും.
ഗ്രാനുലോമാറ്റസ് അമീബിക് മസ്തിഷ്കജ്വരമാണ് രണ്ടാമത്തേത്. ഇത് ബാധിച്ചാൽ രോഗലക്ഷ്ണം പ്രകടമാക്കാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങൾ വരെയെടുക്കാം. വളരെ സാവധാനമാണ് രോഗം മൂർച്ഛിക്കുക. സംസ്ഥാത്ത് കൂടുതൽ വ്യാപനവും ഈ ഇനത്തിലുള്ളതാണ്. അപൂർവ രോഗമായതിനാൽ അമീബിക് മസ്തിഷ്കജ്വരത്തിന് പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചിട്ടില്ല എന്നതിനാൽ ജാഗ്രത കൂടിയേ തീരു. രോഗിയിൽ അമീബയുടെ സാനിധ്യം സ്ഥിരീകരിക്കാനുള്ള ആർടി പിസിആർ പരിശോധന നിലവിൽ തിരുവനന്തപുരത്തു മാത്രമാണുള്ളത്.
അമീബിക് മസ്തിഷ്കജ്വരം മൂലം ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 66 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടുക.