ലണ്ടന്‍- ഈ മാസം പ്രായം 116 പൂര്‍ത്തിയായി. ആഹ്ലാദപ്രദവും സന്തോഷകരവുമായി ജീവിതം പിന്നേയും മുന്നോട്ട്. ഇതിന് പിന്നിലെ രഹസ്യം എന്താണ്?. ചിരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മുത്തശ്ശി, ഇംഗ്ലണ്ടിലെ എഥേല്‍ കാറ്റര്‍ഹാം മറുപടി പറയുന്നു…ഒരിക്കലും ആരോടും തര്‍ക്കിക്കാത്തതാണ് തന്റെ ദീര്‍ഘായുസിന്റെ പരമ രഹസ്യം. താന്‍ ആരോടും തര്‍ക്കിക്കാറില്ലെന്നു മാത്രമല്ല മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ സസൂക്ഷ്മം കേള്‍ക്കുകയും തുടര്‍ന്ന്് തനിക്ക് ഇഷ്ടമുള്ളത് ചെയ്യുകയുമാണ് ജീവിതത്തില്‍ പിന്തുടരുന്ന രീതിയെന്നും ഇത് ഏറെ ആഹ്ലാദകരമാണെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം ഏറ്റവും പ്രായംകൂടി വ്യക്തയായ എഥേല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണയായി പലരും ദീര്‍ഘായുസിന്റെയും നല്ല ആരോഗ്യത്തിന്റെയും പിന്നില്‍ വ്യായാമവും ഭക്ഷണക്രമവും ആണെന്ന് പറയുമ്പോഴാണ് ഒരാള്‍ ഇതിനൊരു തിരുത്തുമായി രംഗത്തെത്തുന്നത്. അതും ജീവിതത്തില്‍ നൂറ്റാണ്ടും പിന്നെയും പതിറ്റാണ്ടും പിന്നിട്ട ഒരാള്‍. അനാവശ്യമായി ആരെങ്കിലുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിനും തലച്ചോറിനും ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും സമ്മതിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പിന്‍ബലവുമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കലഹിക്കാതിരിക്കാനും ആളുകളോട് മികച്ച രൂപത്തില്‍ ഇടപെടുന്നതുമുള്‍പ്പെടെയുള്ള ഏഥേലിന്റെ കാഴ്ചപ്പാടും സംഘര്‍ഷങ്ങളോടുള്ള അവരുടെ ശാന്ത സമീപനവും തന്നെയാണ് അവരുടെ ദീര്‍ഘായുസിന്റെ രഹസ്യം നമുക്ക് സമ്മതിക്കേണ്ടി വരികയാണ്.
സന്തോഷത്തോടെ ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്ന എഥേലിന് ഒരു ഇന്ത്യന്‍ ബന്ധവുമുണ്ട്. പതിനെട്ടാമത്തെ വയസില്‍ എഥേല്‍ കാറ്റര്‍ഹാം ഇന്ത്യയിലെത്തി. ഒരു ബ്രിട്ടീഷ് കുടുംബത്തിന് വേണ്ടി നാനിയായി ജോലി ചെയ്യാനായിരുന്നു ഈ യാത്ര. ഈ സേവനം പൂര്‍ത്തിയാക്കിയ അവര്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങി.
1909 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിനടുത്ത ഹാംഷെയറിലെ ഒരു ഗ്രാമത്തിലാണ് എഥേല്‍ കാറ്റര്‍ഹാമിന്റെ ജനനം. ലോകത്തെ പല ചരിത്രങ്ങളും സംഭവങ്ങള്‍ക്കും സാക്ഷിയായി ഇന്നും ജീവിക്കുന്ന എഥേല്‍ ടൈറ്റാനിക് മുങ്ങുന്നതിന് മൂന്ന് വര്‍ഷം മുമ്പും റഷ്യന്‍ വിപ്ലവത്തിന് എട്ട് വര്‍ഷം മുമ്പുമായിരുന്നു ജനിച്ചത്. ഈ മാസം 21 ന് 116 വയസ്സ് പൂര്‍ത്തിയായി.
ബ്രിട്ടീഷ് ആര്‍മിയില്‍ മേജറായിരുന്ന നോര്‍മന്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്. വിവിധ രാജ്യങ്ങളിലൂടെ ഭര്‍ത്താവിന്റെ ജോലിയുടെ ഭാഗമായി സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തു. അതിനിടെ ഹോങ്കോങ്ങില്‍, കാറ്റര്‍ഹാം എന്ന പേരില്‍ ഒരു നഴ്‌സറി സ്ഥാപിച്ചു. 1976-ലാണ് ഭര്‍ത്താവിന്റെ അകാല വിയോഗം. പിന്നീട് അവരുടെ രണ്ട് പെണ്‍മക്കളും മരിച്ചു. കാറ്റര്‍ഹാമിന്റെ ഒരു സഹോദരിയും നൂറ്റാണ്ട് പിന്നിട്ടിട്ടുണ്ട്. മൂത്ത സഹോദരിമാരില്‍ ഒരാള്‍ 104 വയസ്സ് പൂര്‍ത്തിയായ ശേഷമാണ് മരിച്ചത്. 2020-ല്‍ തന്റെ 111-ാം വയസ്സിലാണ് കാറ്റര്‍ഹാം കോവിഡ് മഹാമാരിയെ അതിജീവിച്ചത്.
2025 ആദ്യമാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ബ്രസീലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഇനാ കാനബാരോ മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്നാണ് എഥേല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിത്വമായി മാറുന്നത്. പല തരം ലോക സംഭവങ്ങള്‍, ദുരന്തങ്ങള്‍ എന്നിവയെല്ലാം കടന്നുപോയ എഥേല്‍ രണ്ട് ലോകമഹായുദ്ധങ്ങള്‍ കണ്ട വ്യക്തിത്വമാണ്. ബ്രിട്ടനിലെ ആറ് വ്യത്യസ്ത രാജാക്കന്മാര്‍ ഇവരുടെ ആയുഷ് കാലയളവില്‍ കടന്നുപോയി. 27 ബ്രിട്ടീഷ് പ്രധാനമന്ത്രിമാരെ കാണാന്‍ അവര്‍ക്ക് കഴിഞ്ഞു. മാറ്റങ്ങളുടെ പലതരം ഘട്ടങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായി. എഡ്വേര്‍ഡിയന്‍ കാലഘട്ടം മുതല്‍ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ യുഗം വരെ നീളുന്നു അവരുടെ 116 വര്‍ഷങ്ങളിലെ ദീര്‍ഘജീവിതം.