ജിദ്ദ: സൗദി അറേബ്യയും യു.എ.ഇയും തുര്‍ക്കിയും സന്ദര്‍ശിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യ, ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പുതിയ നിലപാടിന്റെ വെളിച്ചത്തില്‍, ഉക്രൈന്‍ പ്രവചനാതീതമായ ഒരു നയതന്ത്ര ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലും യു.എ.ഇയിലും തുര്‍ക്കിയിലും നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്കിടെ അമേരിക്കന്‍, റഷ്യന്‍ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്താന്‍ നിലവില്‍ പദ്ധതികളില്ല.
റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സാധിക്കും. എന്നാല്‍ സമാധാനത്തിനുള്ള വ്യക്തമായ പദ്ധതി അമേരിക്കയുടെ പക്കലില്ല. ട്രംപുമായി സംയുക്ത പദ്ധതി ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ നേരിട്ട് കാണുകയുള്ളൂ എന്ന് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ സെലെന്‍സ്‌കി വ്യക്തമാക്കി.
നാറ്റോയില്‍ ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉക്രൈന്‍ സൈന്യത്തിന്റെ ശേഷി ഇരട്ടിയാക്കി ഉയര്‍ത്തേണ്ടിവരും. സൈനികരുടെ എണ്ണം 15 ലക്ഷമായാണ് ഉയര്‍ത്തേണ്ടിവരിക. നാറ്റോ സഖ്യത്തില്‍ ഉക്രൈന്‍ ചേരുന്നതിനെ അമേരിക്ക എതിര്‍ക്കുന്നുണ്ടെന്നും സെലന്‍സ്‌കി സമ്മതിച്ചു.
ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനെ കുറിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ സമീപകാല പ്രസ്താവനകള്‍ സെലന്‍സ്‌കിയെ ഞെട്ടിച്ചിട്ടുണ്ട്. പുട്ടിനുമായി ട്രംപ് ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയതില്‍ സെലന്‍സ്‌കി അതൃപ്തി പ്രകടിപ്പിച്ചു. റഷ്യ, ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്കക്ക് വ്യക്തമായ ഒരു പദ്ധതിയില്ല. സമാധാനവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് വ്യക്തമായ പദ്ധതിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.
ഉക്രൈനെ പിന്തുണക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ബുധനാഴ്ച പുട്ടിനുമായി ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണം തന്നെ സന്തോഷിപ്പിച്ചിട്ടില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. എന്നിരുന്നാലും റഷ്യ-ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മുന്‍ഗണനകളില്‍ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഉക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
റഷ്യയും ഉക്രൈനും തമ്മില്‍ 2022 ഫെബ്രുവരി 22 മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ രൂപരേഖകളെ കുറിച്ച് ട്രംപും അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്തും സൂചന നല്‍കിയതിനു പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന പുറത്തുവന്നത്. ഉക്രൈനെ പിന്തുണക്കാന്‍ അമേരിക്ക ഭീമമായ തുകകള്‍ നല്‍കിയതിനെ വീണ്ടും വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്, ഉക്രൈന്‍ നാറ്റോയില്‍ ചേരാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പറഞ്ഞിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ റഷ്യ വളരെക്കാലമായി മുറുകെ പിടിക്കുന്ന ആവശ്യമാണിത്. 2014 ല്‍ റഷ്യ പിടിച്ചടക്കിയ ക്രീമിയന്‍ ഉപദ്വീപും പിന്നീട് പിടിച്ചടക്കിയ കിഴക്കന്‍ ഉക്രൈനിലെ ചില പ്രദേശങ്ങളും ഉക്രൈന്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന സൂചന നല്‍കി, 2014 ന് മുമ്പുള്ള അതിര്‍ത്തികളിലേക്കുള്ള ഉക്രൈനിന്റെ തിരിച്ചുവരവ് വിദൂരവും യാഥാര്‍ഥ്യബോധമില്ലാത്തതുമായി മാറിയിരിക്കുന്നതായി ട്രംപ് പറഞ്ഞു.
മുന്‍ അമേരിക്കന്‍ ഭരണകൂടം ഉക്രൈനെ സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും പിന്തുണക്കുന്നതില്‍ സ്വീകരിച്ച നയത്തില്‍ സമൂലമായ മാറ്റം വരുത്തിയുള്ള ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിലപാട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് റഷ്യക്ക് ഒരു വിട്ടുവീഴ്ചയും നല്‍കേണ്ടതില്ലെന്ന് നിരവധി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ കരുതുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ട്രംപ് അറിയിച്ചതനുസരിച്ച്, ഉക്രൈന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിനെ കുറിച്ച ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍, റഷ്യന്‍ പ്രസിഡന്റുമാര്‍ സൗദി അറേബ്യയില്‍ വെച്ച് വൈകാതെ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്.