- ഇത് വെറുമൊരു യാത്രയല്ല, സ്വപ്‌നം കാണുന്നവർക്കുള്ള പ്രചോദനത്തിന്റെ ഉറവിടമെന്നും അഹ്മദ് അൽഖാസിമി
ജിദ്ദ: അറബ് പൈതൃകം സംരക്ഷിക്കുന്നതിൽ സവിശേഷ അനുഭവമെന്നോണം ഒട്ടകപ്പുറത്ത് ഉലകം ചുറ്റുന്ന യെമനി സഞ്ചാരി അഹ്മദ് അൽഖാസിമി ഇതിനകം 48 രാജ്യങ്ങൾ ഒട്ടകപ്പുറത്ത് സഞ്ചരിച്ച് സന്ദർശിച്ച് വ്യത്യസ്തനാവുകയാണ്. ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഗതാഗത മാർഗമായി ഒട്ടകങ്ങളെ തെരഞ്ഞെടുത്തത് കേവലം പരമ്പരാഗത തീരുമാനമായിരുന്നില്ല. മറിച്ച്, അറബ് സമൂഹങ്ങളിൽ ക്ഷമയുടെയും ഐക്യത്തിന്റെയും ജനപ്രിയ സംസ്‌കാരത്തിന്റെയും ജീവിക്കുന്ന പ്രതീകമാണ് ഒട്ടകങ്ങൾ എന്ന ആഴത്തിലുള്ള വിശ്വാസത്തിൽ നിന്നാണെന്ന് അഹ്മദ് അൽഖാസിമി പറഞ്ഞു.
1993-ലാണ് താൻ യാത്രകൾ ആരംഭിച്ചത്. അന്നു മുതൽ താൻ ഒട്ടകങ്ങളിൽ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നു. 33 വർഷത്തിനിടെ ആറ് പ്രധാന യാത്രകളിലായി 43,000 കിലോമീറ്ററിലധികം സഞ്ചരിച്ചു. ഈ കാലയളവിൽ ഏഷ്യ, ആഫ്രിക്ക, അറബ് ലോകം എന്നിവിടങ്ങളിലെ 48 രാജ്യങ്ങൾ താൻ സന്ദർശിച്ചു.
ഈ സഞ്ചാരങ്ങൾ വെറുമൊരു സാഹസിക യാത്രയല്ല. ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനും അറബ് സാംസ്‌കാരിക പൈതൃകം തത്സമയ ഫീൽഡ് അനുഭവത്തിലൂടെ രേഖപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ദീർഘകാല സാംസ്‌കാരിക, ടൂറിസം പദ്ധതിയാണ്. ഒട്ടകം ഒരു ഗതാഗത സംവിധാനം മാത്രമല്ല. അവ ചരിത്രത്തിന്റെ സാക്ഷിയും അറബ് സമൂഹത്തിന്റെ ഓർമയുടെ പ്രതീകവുമാണ്. ജനങ്ങളെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുകയും വർത്തമാനകാലത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക ആശയവിനിമയത്തിനുള്ള ഒരു ഉപകരണം കൂടിയാണ് ഒട്ടകം.
വൈവിധ്യമാർന്ന യാത്രാനുഭവങ്ങൾ രേഖപ്പെടുത്തിയ ആറു സഞ്ചാര സാഹിത്യ കൃതികളും താൻ രചിച്ചിട്ടുണ്ട്. പുതുതലമുറയുടെ ഹൃദയങ്ങളിൽ യാത്രയോടും അറിവിനോടുമുള്ള സ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ബാലസാഹിത്യ പരമ്പരയും എഴുതിയിട്ടുണ്ട്. സാഹസിക സഞ്ചാരികൾക്കുള്ള ഭൂപടങ്ങൾ, നുറുങ്ങുകൾ, പ്രായോഗിക വിവരങ്ങൾ എന്നിവ അടങ്ങിയ ഗൈഡും താൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താൻ യാത്രകൾ ഇപ്പോഴും തുടരുകയാണ്. ജീവൻ ശേഷിക്കുന്നിടത്തോളം കാലം സഞ്ചാരം തുടരാനാണ് തീരുമാനം. സഞ്ചാരം ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ഒരു സ്ഥലംമാറ്റം മാത്രമല്ല. മറിച്ച്, ഒരു സമ്പൂർണ ജീവിതവും ലോകവുമായുള്ള ഒരു തുറന്ന സംവാദവും ഉറച്ച ചുവടുവെപ്പുകളിലൂടെയും അചഞ്ചലമായ ക്ഷമയിലൂടെയും നേടിയെടുക്കാൻ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനത്തിന്റെ ഉറവിടവുമാണെന്ന് അഹ്മദ് അൽഖാസിമി പറയുന്നു.