ജിദ്ദ – യെമനിലെ ഹൂത്തി മിലീഷ്യകള്‍ ചെങ്കടലില്‍ വെച്ച് ആക്രമിച്ച ഗ്രീക്ക് എണ്ണ ടാങ്കര്‍ വിജയകരമായി രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ച സെക്യൂരിറ്റി സ്ഥാപനം അറിയിച്ചു. ആഴ്ചകളോളം കത്തുകയും വന്‍തോതിലുള്ള എണ്ണ ചോര്‍ച്ച ഭീഷണി ഉയര്‍ത്തുകയും ചെയ്ത എണ്ണ ടാങ്കറാണ് മാസങ്ങള്‍ നീണ്ട കഠിന ശ്രമങ്ങളിലൂട അവസാനം രക്ഷപ്പെടുത്തിയത്. പത്തു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുണ്ടായിരുന്ന ഗ്രീക്ക് കപ്പല്‍ സൗനിയനു നേരെ ഹൂത്തികള്‍ ആക്രമണം നടത്തുകയും പിന്നീട് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് കപ്പല്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. കപ്പലിലെ തീയണക്കാനും ബാക്കിയുള്ള അസംസ്‌കൃത എണ്ണ കപ്പലില്‍ നിന്ന് മാറ്റാനും കപ്പല്‍ സുരക്ഷിതമായി വലിച്ചുനീക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് മാസങ്ങളെടുത്തു.
2024 ഓഗസ്റ്റ് 21 ന് ആണ് ഹൂത്തികള്‍ ഗ്രീക്ക് പതാക വഹിച്ച സൗനിയന്‍ ടാങ്കറിനെ ചെറിയ ആയുധങ്ങള്‍, പ്രൊജക്ടൈലുകള്‍, ഡ്രോണ്‍ ബോട്ട് എന്നിവ ഉപയോഗിച്ച് ആക്രമിച്ചത്. ഓപ്പറേഷന്‍ ആസ്‌പൈഡ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രഞ്ച് യുദ്ധക്കപ്പല്‍ 25 ഫിലിപ്പിനോകളും റഷ്യക്കാരും അടങ്ങുന്ന കപ്പല്‍ ജീവനക്കാരെയും നാലു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി ജിബൂത്തിയിലേക്ക് കൊണ്ടുപോയിരുന്നു. സൗനിയന്‍ കപ്പലില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് അവ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഹൂത്തികള്‍ പിന്നീട് പുറത്തുവിട്ടിരുന്നു.
2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായില്‍ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഹൂത്തികള്‍ ചെങ്കടലില്‍ ഏകദേശം 100 വാണിജ്യ കപ്പലുകള്‍ക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുകയും ഒരു കപ്പല്‍ പിടിച്ചെടുക്കുകയും രണ്ട് കപ്പലുകള്‍ മുക്കുകയും ചെയ്തിട്ടുണ്ട്. ഹൂത്തി ആക്രമണങ്ങളില്‍ നാലു കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. പാശ്ചാത്യ സൈനിക കപ്പലുകള്‍ അടക്കമുള്ള മറ്റു ലക്ഷ്യങ്ങള്‍ക്കു നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ചെങ്കടലില്‍ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന വെടിവെച്ചിട്ടു. മറ്റു ചില മിസൈലുകളും ഡ്രോണുകളും ലക്ഷ്യങ്ങളില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു. ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തി ഇസ്രായില്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹൂത്തികള്‍ വാദിക്കുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട പല കപ്പലുകള്‍ക്കും സംഘര്‍ഷവുമായി വലിയ ബന്ധമൊന്നുമില്ല. ഇക്കൂട്ടത്തില്‍ ചില കപ്പലുകള്‍ ഇറാനിലേക്ക് പോകുന്നവയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group