അബൂദാബി– യുഎഇയിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വനിതാ ജീവനക്കാരുടെ എണ്ണം വർധിക്കുന്നതായി പുതിയ കണക്കുകൾ. 2025 ലെ യുഎഇയിലെ തൊഴിൽ വിപണി ഡേറ്റ പ്രകാരമാണിത്. വിവര സാങ്കേതിക മേഖലയിലും സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതിൽ വർധിച്ചു. എല്ലാ മേഖലയിലും വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ മുന്നേറ്റമെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സ്ത്രീ പങ്കാളിത്തം ഏറ്റവും കൂടുതലുള്ളത്. ഈ മേഖലയിലെ മൊത്തം ജീവനക്കാരിൽ 74.3 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ രംഗമാണ് കൂടുതൽ വനിതകൾ ജോലി ചെയ്യുന്ന മറ്റൊരു മേഖല. സ്വകാര്യ മേഖലയിലുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിൽ 66.5 ശതമാനം വനിതകൾ ജോലി ചെയ്യുന്നതായി മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ആരോഗ്യമേഖലയിൽ 36 ശതമാനം സ്ഥാപനങ്ങൾ സ്ത്രീകളെ നിയമിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 2.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
വിവരസാങ്കേതിക വിദ്യാ മേഖലയിലും വനിതകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഐടി മേഖലയിലെ ജീവനക്കാരിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഖനനം, നിർമാണം, ഉത്പാദനം, ഊർജം, കൃഷി, ഗതാഗതം തുടങ്ങിയ ശാരീരിക അധ്വാനം ആവശ്യമായ മേഖലകളിലും സ്ത്രീകൾക്ക് കൂടുതലായി തൊഴിൽ ലഭ്യമാക്കുന്നുണ്ട്.
നേരത്തെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ഇത്തരം മേഖലകളിൽ നിന്നുള്ള വിലക്കുകൾ നീക്കിയതോടെ വനിതകളുടെ സാന്നിധ്യം വർധിച്ചു. രാത്രി ഷിഫ്റ്റുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയതും സ്ത്രീകളുടെ പങ്കാളിത്തം ഉയരാൻ കാരണമായി.



