തിരുവനന്തപുരം: 500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കിലെത്തിയ സ്ത്രീ അറസ്റ്റിൽ. ബീമാപള്ളി ന്യൂ ജവഹർ പള്ളിക്ക് സമീപം താമസിക്കുന്ന ബെർക്കത്തിനെയാണ് പൂന്തുറ പോലീസ് പിടികൂടിയത്.
പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ ബാങ്ക് ശാഖയിൽ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. കാഴ്ചയിൽ നോട്ടുകൾക്ക് അസാധാരണത്വം തോന്നിയതിനേത്തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് തെളിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ത്രീയുടെ വീട്ടിലും പരിശോധന നടത്തിയതായി പോലീസ് പറഞ്ഞു. അലമാരയിൽനിന്ന് 180,000 രൂപ മൂല്യം വരുന്ന 500-ന്റെ നോട്ടുകൾ കണ്ടെത്തിയെങ്കിലും ഇവ വ്യാജമല്ലെന്ന് പൂന്തുറ പോലീസ് അറിയിച്ചു.
500 രൂപയുടെ 25 നോട്ടുകളാണ് സ്ത്രീയിൽനിന്ന് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം 28-നാണ് ഇവർ സൗദിയിൽനിന്ന് നാട്ടിലെത്തിയത്. നാട്ടിലേക്ക് വരുന്ന സമയത്ത് അവിടെ വെച്ച് ഭർത്താവിന്റെ സുഹൃത്തായ പാകിസ്താൻ സ്വദേശി സമ്മാനമായി 12,500 രൂപ നല്കിയെന്നാണ് ഇവർ പറയുന്നത്. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.