ജിദ്ദ: ഡ്രോണുകൾ തൊടുത്തുവിടൽ അടക്കം മേഖലയിലെ ചില കക്ഷികൾ തങ്ങളുടെ വ്യോമമേഖല ലംഘിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രിയും ജോർദാൻ സർക്കാറിന്റെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് അൽമോമനി പറഞ്ഞു.
ചില ഡ്രോണുകൾ ജോർദാൻ വ്യോമ മേഖലയിൽ പ്രവേശിക്കുകയും ഇവയുടെ ഭാഗങ്ങൾ ജോർദാനിൽ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇർബിദ്, ജറശ് ഗവർണറേറ്റുകളിൽ ഇത്തരത്തിൽ പെട്ട രണ്ടു സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപോർട്ട് ചെയ്തു. ഇത് ഭീഷണിയാണ്.
സൈനിക നിയമങ്ങൾക്കുള്ളിൽ അവ ജോർദാൻ കൈകാര്യം ചെയ്യും. ഇത്തരം ലംഘനങ്ങൾ ചെറുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കര, കടൽ, വ്യോമ അതിർത്തി കാക്കുകയെന്ന പവിത്രമായ കടമാണ് ജോർദാൻ സായുധസേന നിർവഹിക്കുന്നത്. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ ശേഷികളും സായുധസേന ഉപയോഗിക്കുന്നു.
ജോർദാന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന ഏതൊരാളെയും സൈനിക നിയമം അനുസരിച്ച് നേരിടാൻ മടിക്കില്ല. പ്രാദേശിക സംഘർഷം വർധിക്കുന്നതിനെതിരെ മുഹമ്മദ് അൽമോമനി മുന്നറിയിപ്പ് നൽകി.
ജോർദാൻ ഒരു കക്ഷിക്കും സംഘട്ടനത്തിലുള്ള വേദിയാകില്ല. സൈനിക വിമാനങ്ങളോ ഡ്രോണുകളോ മിസൈലുകളോ ജോർദാന്റെ വ്യോമാതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ല. മേഖലയിൽ പരസ്പരം സംഘർഷത്തിലുള്ള ശക്തികൾ മേഖലാ രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കരുത്. മേഖലാ രാജ്യങ്ങളെ ദ്രോഹിക്കുന്നത് ഒഴിവാക്കണം. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാതെ, സമാധാനത്തിലും അന്തസ്സിലും നീതിയിലും ജീവിക്കാനുള്ള അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തി, അജണ്ടകൾക്കും ആധിപത്യത്തിനും വേണ്ടി സംഘർഷം മൂർഛിപ്പിക്കുന്നത് അവസാനിപ്പിക്കണം.
മേഖലയിൽ തുടരുന്ന പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജോർദാനി പൗരന്മാർ ജാഗ്രത പാലിക്കണം. കിംവദന്തികളും സ്ഥിരീകരിക്കാത്ത ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും പ്രചരിപ്പിക്കരുത്. നിലത്തു വീണേക്കാവുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൈനിക, സുരക്ഷാ, സിവിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കുകയും അപകടകരമായ വസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം വസ്തുക്കളിൽ നിന്നും അവ പതിക്കുന്ന സ്ഥലങ്ങളിൽ നിന്നും അകന്നുനിൽക്കുകയും വേണം.
പൊതുസുരക്ഷ ഉറപ്പാക്കുന്ന നടപടികൾക്ക് അനുസൃതമായി കൈകാര്യം ചെയ്യുന്നതിന് ഇത്തരം വസ്തുക്കൾ പതിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളെ എത്രയും വേഗത്തിൽ അറിയിക്കണമെന്നും മുഹമ്മദ് അൽമോമനി പറഞ്ഞു.