ദുബൈ– വിവാഹം എന്നത് എല്ലാവർക്കും പ്രത്യേകമായ ഒരു സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തെ ആകാശത്തിൽ കൊണ്ടുപോയാണ് ഒരു ഇന്ത്യൻ വനിത ഒരുപാട് പേർക്കായുള്ള അതിശയകരമായ അനുഭവം സൃഷ്ടിച്ചത്. 2023-ൽ ദുബൈയിലെ ആകാശത്തിലെ സ്വകാര്യ ജെറ്റിൽ നടന്ന ഒരു സിഖ് വിവാഹം ഇന്ന് ഇപ്പോഴും നിരവധി പേർക്ക് ഒരു അത്ഭുതകഥയായി തുടരുന്നു.
ആകാശത്ത് വിവാഹം കഴിക്കാൻ സ്വപ്നം കണ്ട ഒരു അച്ഛന്റെ ആഗ്രഹം യാഥാർത്ഥ്യമാക്കി മാറ്റിയത് ഇന്ത്യക്കാരിയായ ചിമൂ ഭട്ടാചാര്യ അചാര്യയാണ്. 2023-ൽ ദുബൈയിൽ വെച്ച് 35,000 അടി ഉയരത്തിൽ സ്വകാര്യ ജെറ്റിൽ നടന്ന സിഖ് വിവാഹം ഇപ്പോഴും ആളുകൾ ഓർമ്മിക്കുന്നുണ്ട്. ഇതിനു കാരണം ഇന്ത്യക്കാരിയുടെ ശുഭാപ്തി വിശ്വാസമാണ്.
പുതുമയും ആശ്ചര്യവും നിറഞ്ഞ ഈ ചടങ്ങിൽ വധുവും വരനും മേഘങ്ങൾക്കിടയിൽ സാക്ഷികളെ കാഴ്ചവെച്ചുകൊണ്ട് ജീവിതവാക്കുകൾ ചൊല്ലുകയായിരുന്നു. അതിന്റെ പിന്നിലെ പ്രതിഭയായിരുന്നു ചിമൂ. എളുപ്പമൊന്നും ആയിരുന്നില്ല ഈ കൂടിച്ചേരൽ, പക്ഷേ അവർ അതെല്ലാം സുന്ദരമായി ഒത്തുചേർത്തു.


ചിമൂ ബോളിവുഡ് സംവിധായകനായ ബിമൽ റോയുടെ കൊച്ചുമകളാണ്. ബാല്യത്തിൽ സൈഫ് അലി ഖാനും ആമിർ ഖാനും സുഹൃത്തുക്കളായിരുന്നു. പിന്നീട് വിവാഹ ശേഷം ദുബൈയിലേക്കെത്തി അവിടത്തെ ചെറിയ ബിസിനസുകളൊന്നും മതിയാവാതെ, കൂടുതൽ ആസാധാരണമായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ച് അതിനു വേണ്ടി പരിശ്രമിച്ച് ഒടുവിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.
2002-ൽ, ഗൾഫ് ന്യൂസിന്റെയും മറ്റും സ്പോൺസർഷിപ്പിൽ ചിമൂ ഒരുക്കിയ ‘ബോളിവുഡ് ടു ബ്രോഡ് വേ’ എന്ന മ്യൂസിക്കൽ ഷോയാണ് ദുബൈയിലെ പരിപാടി പ്രവർത്തനങ്ങൾക്കുള്ള തുടക്കം. ദിൽ ചാഹ്താ ഹേ, ലഗാൻ എന്നീ സിനിമകളിലെ 108-ഓളം കലാകാരൻമാർ പങ്കെടുത്ത് അവതരിപ്പിച്ച ആ ഷോയിലൂടെ അവർ പ്രേക്ഷകരെ അതിശയിപ്പിച്ചു. ആമിർ ഖാനും മറ്റു താരങ്ങളും നേരിട്ട് വേദിയിൽ എത്തിയിരുന്നു.
2023 ലാണ് ചിമൂ’വെഡിംങ്ങ് ഇൻ ദി സ്കൈ’ എന്ന പദ്ധതിയിലേക്കെത്തുന്നത്. സ്വന്തം മകളുടെ വിവാഹത്തിന്റെ തിരക്കിലായിരുന്ന സമയത്താണ് സിഖ് സ്വദേശിയായ വധുവിന്റെ അച്ഛൻ ഒരു പ്രത്യേക ആവശ്യവുമായി എത്തിയത് . 27 വർഷം മുൻപ് ആകാശത്തിൽ വെച്ച് വിവാഹം കഴിച്ചിരുന്ന ആ പിതാവിന്, തന്റെ മകളും അതുപോലെ കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹം. തുടക്കത്തിൽ ഈ ആവശ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കൂടുതൽ ചർച്ചകൾക്കു ശേഷം ആ ദൗത്യം ചിമൂ ഏറ്റെടുക്കുകയായിരുന്നു.


തുടർന്ന് ജെറ്റെക്സ് എന്ന സ്വകാര്യ ജെറ്റ് സേവനം തിരഞ്ഞെടുക്കുകയും, അവരുടെ സഹകരണത്തോടെ വിവാഹം യാഥാർത്ഥ്യമാക്കുകയും ചെയ്തു. ചടങ്ങിനായി വിമാനത്തിലെ C സെക്ഷനിലുള്ള 80 സീറ്റുകൾ പൂർണമായും മാറ്റി, ആകാശവിവാഹത്തിനായി വഴിയൊരുക്കി.
“ദുബായ് എന്നെ ചിമൂ ആക്കി മാറ്റി. ബോംബെയിൽ ഞാൻ എല്ലായ്പ്പോഴും ‘ബിമൽ റോയുടെ കൊച്ചുമകൾ’ ആയിരുന്നു. ഇവിടെ ഞാൻ എന്റെ പേര് കൊണ്ട് മാത്രമാണ് ഉയർന്നത്,” ചിമൂ പറയുന്നു.
ആകാശത്തിന് അതിരില്ലാത്തപോലെ സ്വപ്നങ്ങൾക്കും അതിരുണ്ടാവരുത് എന്നാണ് ചിമൂ നൽകുന്ന സന്ദേശം.