ദോഹ– 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചു. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) അറിയിച്ചു. ഒളിമ്പിക്സ് മത്സര ഇനങ്ങൾ നടത്താൻ 95 ശതമാനം സൗകര്യങ്ങൾ ഖത്തറിലുണ്ടെന്നും അത് നൂറ് ശതമാനത്തിലെത്തിക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയതായും ക്യു.ഒ.സി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് അൽതാനി അവകാശപ്പെട്ടു.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ പശ്ചിമേഷ്യൻ രാജ്യമാവുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ഒരുങ്ങുന്നത്. 2022 ലെ ഫിഫ ലോകകപ്പ്, 2024 ഏഷ്യൻ കപ്പ് ഫുട്ബോൾ തുടങ്ങിയ വലിയ കായികമേളകൾ വിജയകരമായി സംഘടിപ്പിച്ച ട്രാക്ക് റെക്കോർഡാണ് ഖത്തറിന് ഒളിമ്പിക്സ് ബിഡിലേക്ക് ചുവടുവെക്കാൻ ആത്മവിശ്വാസം നൽകുന്നത്. “ഖത്തർ ആഗോള കായികഭൂമിയിലെ നേതാവായി മാറുകയാണ്,” ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി പറഞ്ഞു. “ലോകമാകെയുള്ള കായികപ്രേമികൾക്ക് സുരക്ഷിതവും ആധുനികവുമായ അനുഭവം നൽകാൻ ഖത്തർ സജ്ജമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, ഇന്തോനേഷ്യ, തുർക്കി, ചിലി തുടങ്ങിയവയും 2036 ഒളിമ്പിക്സിന് ബിഡ് സമർപ്പിച്ചിട്ടുള്ളതായും സൗദി അറേബ്യ, ദക്ഷിണകൊറിയ, ഈജിപ്ത്, ഹങ്കറി, ജർമനി, ഇറ്റലി, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2030ൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് അരങ്ങേറുന്നതും ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലാണ്. ഇതിനായി തയ്യാറാക്കുന്ന സൗകര്യങ്ങൾ ഒളിമ്പിക്സിലേക്കും കൂടിയുള്ള ഒരുക്കമാക്കി മാറ്റുകയുമാണ് ഖത്തറിന്റെ ലക്ഷ്യം.