ദോഹ– വയനാട് ചൂരൽ മല, മുണ്ടക്കൈ മേഖലയിൽ കഴിഞ്ഞ വർഷം ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഖത്തറിലെ ഇന്ത്യൻ സമൂഹം. വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ജീവകാരുണ്യ സംഘടനയായ ഐസിബിഎഫിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വയനാട് റിലീഫ് കമ്മിറ്റിയാണ് തുക സമാഹരിക്കാൻ നേതൃത്വം നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 3-ന് ഐ.സി.സിയിൽ ഇന്ത്യൻ അംബാസഡർ വിപുലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ദുരിതബാധിതരെ സഹായിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ, എംബസ്സിയുടെ കീഴിലുള്ള വിവിധ സംഘടനകൾ, വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളായ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ്, നോർക്ക ഡയറക്ടർ സിവി റപ്പായി എന്നിവർ തിരുവനന്തപുരം ക്ലിഫ് ഹൗസിൽ നടന്ന ചടങ്ങിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് സമാഹരിച്ച തുക കൈമാറിയത്.