ദോഹ– മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം ഖത്തർ സ്ഥാപക അംഗവുമായ അഹമ്മദ് പാതിരിപ്പറ്റയുടെ ‘ദോഹയിൽ നടന്നു തീർത്ത വഴികൾ’ പുസ്തകം പ്രകാശനം ചെയ്തു. പാതിരിപറ്റ യു. പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രനാണ് പുസ്തക പ്രകാശനം ചെയ്തത്. മാംഗോ ഗ്രൂപ്പ് എം.ഡി റഫീഖ് അഹമദ് പുസ്തകം ഏറ്റുവാങ്ങി. പ്രവാസികളായി മറ്റുനാടുകളിലേക്ക് ചേക്കേറിയവർ അവരുടെ ജീവിതവും സമ്പാദ്യവും നാടിനു സമർപ്പിച്ചവരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ നാട് ഇന്നു നേടിയ വികസനങ്ങൾക്കു പിറകിൽ പ്രവാസികളുടെ കഠിനാധ്വാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകനും ഡോക്യുമെന്ററിസംവിധായകനുമായ അഷ്റഫ് തൂണേരി പുസ്തകപരിചയം നടത്തി. അബ്ദുല്ലകോയ കണ്ണങ്കടവ്, കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി, ഹേമ മോഹൻ, ഖത്തർ പ്രവാസിയും എഴുത്തു കാരനുമായ എം.ടി നിലമ്പൂർ, നാസർ കക്കട്ടിൽ, ടി.വി കുഞ്ഞമ്മദ് ഹാജി, എ.പി സുമേഷ്, പി.എം ബിജു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അഹമ്മദ് പാതിരിപ്പറ്റ മറുപടി പ്രസംഗം നടത്തി.