ജിദ്ദ: കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വാഫി വഫിയ്യ കോഴ്സിലേക്കുള്ള എൻട്രൻസ് എക്സാം മെയ് 19 ന് കേരളത്തിലും വിദേശത്തുമായി വിവിധ സെന്ററുകളിൽ നടക്കും. സൗദിയിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജിദ്ദയിൽ അബ്ദുൽ ഹക്കീം വാഫി 0532560265, സലീം വാഫി 0595187556 റിയാദിൽ സുലൈമാൻ വാഫി 0532340541 എന്നിവരുമായി ബന്ധപ്പെടണം.
ലോകോത്തര ഇസ്‌ലാമിക സർവകലാശാലകളുടെ പാഠ്യപദ്ധതികളോട് സമാനത പുലർത്തുന്നതാണ് വാഫി വഫിയ്യ പാഠ്യപദ്ധതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യയിലെ ഇസ്‌ലാമിക കലാലയങ്ങൾ പിന്തുടർന്നുവരുന്ന പരമ്പരാഗത നിസാമിയ്യ സിലബസ് പരിഷ്കരിച്ചാണ് വാഫി വഫിയ്യ സിലബസ് സംവിധാനിച്ചിട്ടുള്ളത്. പുറമെ യു.ജി.സി അംഗീകരിക്കുന്ന യൂണിവേഴ്‌സിറ്റി ഡിഗ്രിയും പാഠ്യപദ്ധതിയുടെ അവിഭാജ്യ ഭാഗമാക്കുകയും ചെയ്‌തിട്ടുണ്ട്. വാഫി വഫിയ്യയിൽ. വിമർശനാത്മക ചിന്ത (Critical Thinking) ക്കും ലോജിക്കൽ റീസണിങിനും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നു.
കയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് നിർവാഹക സമിതി അംഗത്വവും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗത്വവും മൊറോക്കോയിലെ അറബ് ലീഗ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന അറബി ഭാഷ പഠന കേന്ദ്ര കൂട്ടായ്മയുടെ ഡയറക്ടറേറ്റ് അംഗത്വവും ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായി വാഫി വഫിയ്യ കോഴ്സുകൾക്ക് അക്കാദമിക് സഹകരണ ധാരണയുണ്ട്.
2024 -25 അധ്യയന വർഷത്തെ വാഫി വഫിയ്യ ജനറൽ, ആർട്സ്& പ്രൊഫഷണൽ രണ്ടാംഘട്ട (Biology Science + NEET Coaching) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് SSLC/CBSE പത്താം തരം പരീക്ഷ പാസായവർക്ക് മെയ് 15 വരെ അപേക്ഷിക്കാം.