കുവൈത്ത് സിറ്റി – കുവൈത്തിൽ ഇഖാമ കാലാവധി കഴിഞ്ഞ 126 പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ശക്തമായ പരിശോധനകളിലാണ് അറസ്റ്റ്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടത്തിയ പരിശോധനകളില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത 36 പേരും സിവില്‍, ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന 66 പേരും പിടിയിലായി. സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന 66 വാഹനങ്ങളും പരിശോധനകള്‍ക്കിടെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസ് പ്രതികളായ മൂന്നു പേരെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് കൈമാറി.
അതേസമയം, ഗതാഗത നിയമ ലംഘനങ്ങളും അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങളും ചെറുക്കാന്‍ നടത്തിയ പരിശോധനകള്‍ക്കിടെ 31,395 ട്രാഫിക് നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. റോഡിലെ അച്ചടക്കം ശക്തമാക്കുക, അപകടങ്ങള്‍ കുറക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന. അമിത വേഗം, ട്രാക്കുകള്‍ പാലിക്കാതിരിക്കല്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പൊതുസുരക്ഷ അപകടത്തിലാക്കുന്ന മറ്റു ഗതാഗത നിയമ ലംഘനങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. നിയമ വ്യവസ്ഥകള്‍ പാലിക്കാത്തതിന് 29 വാഹനങ്ങളും മോട്ടോര്‍സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു. ഇക്കാലയളവില്‍ 2,042 ട്രാഫിക് കേസുകളാണ് അധികൃതര്‍ കൈകാര്യം ചെയ്തത്. ഇതില്‍ 180 വലിയ അപകടങ്ങളും 999 നിസാര അപകടങ്ങൾ സംഭവിച്ചതും ഉൾപ്പെടുന്നു.