ദമാം– ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്. കർമ്മ പാതയിൽ കാരുണ്യ സേവനം ഹൃദയ താളത്തോടൊപ്പം ചേർത്ത കൊല്ലം കരുനാഗപ്പള്ളി സ്വദേശി വെളിയിൽ നസീർ ജീവിത സ്വപ്നങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കുകൾക്കിടയിലും സഹജീവികൾക്കായുള്ള കാരുണ്യം സേവനം കടമയായി ഏറ്റെടുത്ത വ്യക്തിത്വമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രവാസ ലോകത്തും നാട്ടിലും നിശബ്ദമായ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് നസീർ.
കഴിഞ്ഞ കുറെ വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിലെ നൂറിലധികം വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പൂർണ്ണമായ സംരക്ഷണം ഇദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. സമീപകാലത്ത് കരുനാഗപ്പള്ളിയിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ഏറ്റവും ആധുനികമായ സംവിധാനങ്ങളോടുകൂടി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി തെറാപ്പി സെന്റർ ആരംഭിച്ചിരിക്കുകയാണ്. നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ പട്ടിക തന്നെ വെളിയിൽ നസീർ എന്ന പ്രവാസിയുടെ ജീവിതയാത്രയിൽ ഉണ്ട്. ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സഹജീവികളുടെ വേദനകളെയും നൊമ്പരങ്ങളെയും ഹൃദയത്തോട് ചേർത്തുവച്ച് കാരുണ്യ സേവനത്തിന്റെ കർമ്മ പാതയിലൂടെ മുന്നോട്ടുപോകുന്ന വെളിയിൽ നസീറിന് കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സംഘാടകർ പറഞ്ഞു.
പിറന്ന നാടിന്റെ സ്മരണകൾ ഉണർത്തി പ്രവാസ ലോകത്തും കരുത്തോടെ കൈകോർത്ത് കലാസാംസ്കാരിക കായിക മേഖലയിലും നിറസാന്നിധ്യമാകുന്ന കൊല്ലം ജില്ലയിലെ പ്രവാസി സൗഹൃദങ്ങളുടെ സംഗമ വേളയിൽ ഒക്ടോബർ 24 വെള്ളിയാഴ്ച ദമാം ലുലു മാളിൽ സംഘടിപ്പിക്കുന്ന കൊല്ലം പ്രീമിയർ ലീഗ് സീസൺ ആറിന്റെ ട്രോഫി ആൻഡ് ജേഴ്സി ലോഞ്ചിംഗ് സെർമണിയുടെ വേദിയിൽ നാട്ടിൽ നിന്നെത്തുന്ന പ്രശസ്ത കലാകാരന്മാരുടെയും, പ്രവിശ്യയിലെ വിശിഷ്ട അതിഥികളുടെയും സാന്നിധ്യത്തിലാണ് ദമാം കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ പൈതൃകവും, കൊല്ലം പ്രീമിയർ ലീഗ് സംഘാടകരും ചേർന്ന് സ്നേഹാദരവ് വെളിയിൽ നസീറിന് സമർപ്പിക്കുന്നത്.