അബൂദാബി – എമിറേറ്റിലെ സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. യുഎഇ യുടെ 54ാമത് ദേശീയദിനമായ ചൊവ്വാഴ്ചയായിരുന്നു സന്ദർശകർക്കായി മ്യൂസിയം തുറന്നുകൊടുത്തത്.
വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. യുഎഇ രാഷ്ട്രപിതാവിന്റെ ദർശനങ്ങളും അദ്ദേഹം പുലർത്തിയ മാനുഷിക മൂല്യങ്ങളും ഭരണ നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് സായിദ് നാഷണൽ മ്യൂസിയമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇയുടെ സമ്പന്നമായ ഭൂതകാലവും വർത്തമാനവും ഭാവിയുമായി ബന്ധിപ്പിക്കുന്ന മ്യൂസിയമാണിത്. തലമുറകളിലൂടെ രാജ്യത്തിന്റെ സംസ്‌കാരം, പൈതൃകം എന്നിവ കൈമാറാനും സാധിക്കുന്ന കവാടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരസൂചകമായുള്ള സായിദ് നാഷണൽ മ്യൂസിയം പുരാതനകാലം മുതലുള്ള യുഎഇയുടെ കഥപറയുന്നു. നൂതന സാങ്കേതികവിദ്യകളോടെ ശബ്ദ ദൃശ്യങ്ങൾ, കഥപറച്ചിൽ, കലാരൂപങ്ങൾ, പുരാവസ്തുക്കൾ എന്നിവയുമായി സമന്വയിപ്പിക്കുന്ന കാഴ്ചകളാണ് മ്യൂസിയത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും മ്യൂസിയത്തിന്റെ ഗാലറികൾ സന്ദർശിച്ചു. മ്യൂസിയത്തിലുള്ള 3,000 ലേറെ കലാസൃഷ്ടികളിൽ 1500 എണ്ണം ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് തത്സമയ പ്രകടനങ്ങൾ, സംവേദനാത്മക ശില്പശാലകൾ, ഗൈഡഡ് ടൂറുകൾ എന്നിവയ്ക്കും അവസരമൊരുക്കുന്നുണ്ട്.



