ദുബായ്: അംബരചുംമ്പികളുടെ നാട്ടിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം ഒരുങ്ങുന്നു. ദുബായ് ശൈഖ് സായിദ് റോഡിനു സമീപം 131 നിലകളിലായി ഉയരുന്ന ‘ബുർജ് അസീസി’യുടെ ഉയരം 725 മീറ്ററായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരംകൂടിയ കെട്ടിടമായി ഇതുമാറും. 600 കോടി ദിർഹമാണ് (ഏകദേശം 13,719 കോടി രൂപ) കെട്ടിടത്തിന്റെ നിർമാണച്ചെലവ്. 2028-നകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഷെയ്ഖ് സായിദ് റോഡിലെ ഒരേയൊരു ഫ്രീ ഹോൾഡ് പ്രോപർട്ടിയായ ബുർജ് അസീസി എൻജിനീയറിങ്ങിന്‍റെയും ഡിസൈനിന്‍റെയും അദ്ഭുതമായിരിക്കും പുതിയ കെട്ടിടം.
നിശാക്ലബ്, ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടൽ, പെന്റ് ഹൗസുകൾ, അപ്പാർട്ട്‌മെന്റുകൾ, അവധിക്കാല വസതികൾ, വെൽനസ് കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, സിനിമാ തിയേറ്ററുകൾ, കായികപരിശീലനകേന്ദ്രങ്ങൾ, മിനി മാർക്കറ്റുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ഏഴ് നിലകളിലായി ഒരു വെർട്ടിക്കൽ മാൾ, ബീച്ച് ക്ലബ്ബ് തുടങ്ങി നിരവധി സൗകര്യങ്ങളും ബുർജ് അസീസിയിലുണ്ടാകും.
828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയകെട്ടിടം .
ബുർജ് അസീസിയുടെ 126-ാം നിലയിൽ ഒരുങ്ങുന്ന നിശാക്ലബ്ബായിരിക്കും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിശാക്ലബ് എന്ന റെക്കോർഡ് സ്വന്തമാക്കുമെന്ന സൂചനയുണ്ട്.
കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ ഹോട്ടൽ ലോബി, 130-ലെ ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ലെവൽ 122-ൽ ദുബായിലെ ഏറ്റവും ഉയർന്ന റസ്റ്ററന്‍റ്, ഏറ്റവും ഉയർന്ന ഹോട്ടൽ മുറി തുടങ്ങി ഒട്ടേറെ ലോക റെക്കോർഡുകൾ ബുർജ് അസീസി സ്വന്തമാക്കും. ഇവകൂടാതെ ഉന്നത നിലവാരത്തിലുള്ള മറ്റനേകം സൗകര്യങ്ങളും ബുർജ് അസീസിയിൽ ഒരുക്കിയുട്ടുണ്ട്.