അബുദാബി: യു.എ.ഇയിൽ വർക്ക് പെർമിറ്റുകളും റസിഡൻസി വീസകളും ഇനി അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കും. ‘വർക്ക് ബണ്ടിൽ പ്ലാറ്റ്‌ഫോമി’ന്റെ രണ്ടാം ഘട്ടം കഴിഞ്ഞദിവസം ആരംഭിച്ചതിന് ശേഷമാണ് 30 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായികുറച്ചത്.
യു.എ.ഇയിൽ ബിസിനസ് ഉടമകൾക്കും സ്വകാര്യ കമ്പനികൾക്കും പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലുള്ള ജീവനക്കാരുടെ വർക്ക് പെർമിറ്റ് മുൻകൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടം ഏപ്രിൽ ദുബായിൽ ആരംഭിച്ചിരുന്നു.
ഇപ്പോൾ ഏഴ് എമിറേറ്റുകളിലും ഇത് നടപ്പിലാക്കുന്നു. വർക്ക് ബണ്ടിലിന്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം ആറ് ലക്ഷം കമ്പനികളും 70 ലക്ഷത്തിലേറെ തൊഴിലാളികളും ഉൾപ്പെടുന്നു. മൂന്നാം ഘട്ടം ഗാർഹിക തൊഴിലാളികളെയും ഉൾപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തെ പ്രധാന സർക്കാർ മന്ത്രാലയങ്ങളെയും ഫെഡറൽ അതോറിറ്റികളെയും സംരംഭത്തിന്റെ ഭാഗമാക്കിയാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത് .സ്വകാര്യ കമ്പനികൾക്ക് പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും നിലവിലുള്ള തൊഴിലാളികളുടെ രേഖകൾ പുതുക്കുന്നതിനുമുള്ള നടപടികൾ ലഘൂകരിക്കാൻ ഇത് ഏറെ സഹായകരമായിരുന്നു. ഇതോടെ വിവിധ വകുപ്പുകൾ നൽകിയിരുന്ന 8 സേവനങ്ങളെയാണ് ഒറ്റ പ്ലാറ്റ്ഫോമിന് കീഴിലേക്ക് കൊണ്ടുവരുന്നത്.