ദുബായ്: യുഎഇയിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആഹ്ലാദ വാർത്ത. 2025-2026 അധ്യയന വർഷത്തിലെ ശൈത്യകാല അവധി കലണ്ടർ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് യാത്രകൾ ആസൂത്രണം ചെയ്യാനും ബന്ധുക്കളെ സന്ദർശിക്കാനും ഈ അവധി അവസരമൊരുക്കും. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ കലണ്ടർ ബാധകമാണ്.
സെപ്റ്റംബർ മുതൽ ജൂൺ വരെ അധ്യയന വർഷമുള്ള സ്കൂളുകളിൽ ഡിസംബർ 8, 2025-ന് അവധി തുടങ്ങി 2026 ജനുവരി 4-ന് രണ്ടാം ടേം ആരംഭിക്കുന്നതോടെ അവസാനിക്കും. ഏകദേശം നാല് ആഴ്ച നീളുന്ന ഈ അവധി യാത്രകൾക്ക് അനുയോജ്യമാണ്. എന്നാൽ, ഏപ്രിൽ മുതൽ അധ്യയന വർഷം തുടങ്ങുന്ന ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഡിസംബർ 15-നാണ് അവധി ആരംഭിക്കുക.
നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) മേൽനോട്ടം വഹിക്കുന്ന ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കരിക്കുലം അനുസരിച്ച് അവധി തീയതികളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. എല്ലാ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്. അവധിക്ക് മുമ്പുള്ള അവസാന ആഴ്ചയിൽ ഒന്നാം ടേം പരീക്ഷകളും പാഠ്യപദ്ധതികളും പൂർത്തിയാക്കണം, ഇത് പഠന നിലവാരവും തുടർച്ചയും ഉറപ്പാക്കും.