ദുബായ്: അത്യാധുനിക സൈനിക മികവുള്ള പുതിയ യുദ്ധക്കപ്പലുമായി യു.എ.ഇ. അൽ ഇമാറാത്ത് കോർവെറ്റ് (പി 111) എന്ന പുതിയ യുദ്ധക്കപ്പൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കമ്മീഷൻ ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്‍റെ സമുദ്രാതിർത്തി സുരക്ഷിതമാക്കുന്നതിനുമുള്ള നാവികസേനയുടെ പ്രതിബദ്ധതയാണ് കപ്പൽ പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിൽ കുറിച്ചു.
അത്യാധുനിക പനോരമിക് സെൻസറുകളും തടസങ്ങളില്ലാത്ത ഡേറ്റ ശേഖരണത്തിനും പ്രോസസ്സിംഗിനുമായി രൂപകൽപ്പന ചെയ്ത ഒരു നൂതന സുരക്ഷാ ഇന്‍റലിജൻസ് യൂണിറ്റും പുതിയ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ റഡാറുകൾ, ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, കമ്മ്യൂണിക്കേഷൻ ആന്‍റിനകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് സെൻസർ സംവിധാനങ്ങളും പ്രത്യേക കാലാവസ്ഥാ സംവിധാനങ്ങളും കപ്പലിൽ ഉണ്ട്.
ഭാവിയിലെ ഏത് വെല്ലുവിളികളെയും നേരിടാൻ സായുധ സേന എപ്പോഴും സജ്ജരാണെന്നും വിവിധ പ്രതിരോധ മേഖലകളിൽ യുഎഇ യിലുള്ളവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. യുദ്ധക്കപ്പലിന്‍റെ രൂപകല്പനയിലും നിർമാണത്തിലും പ്രധാന പങ്കുവഹിച്ച രാജ്യത്തെ പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു.
പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദേൽ അൽ മസ്റൂയി, സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്റൂയി, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി. ലെഫ്റ്റനന്‍റ് ജനറൽ ഇബ്രാഹിം നാസർ അൽ അലവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.