ദുബായ്: യുഎഇയിൽ താമസക്കാരുടെയും സന്ദർശകരുടെയും മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ അലർട്ട് എത്തിയത് സാങ്കേതിക തകരാർ മൂലമെന്ന് അധികൃതർ. വെള്ളിയാഴ്ച വൈകിട്ട് യുഎഇ സമയാ 5.20 നാണ് യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തോടെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ അടിയന്തര സന്ദേശം എത്തിയത്.
മിസൈൽ ഭീഷണിയുള്ളതിനാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും മാറിനിൽക്കണമെന്നുമായിരുന്നു ആദ്യ സന്ദേശത്തിലെ നിർദേശം. എന്നാൽ, ഈ സന്ദേശം വന്ന് മിനിറ്റുകൾക്കകം തന്നെ രാജ്യം പൂർണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രാലയത്തിന്‍റെ രണ്ടാമത്തെ സന്ദേശമെത്തി. തൊട്ടുപിന്നാലെ, മുൻപ് ലഭിച്ച സുരക്ഷാ മുന്നറിയിപ്പ് പൂർണമായും അവഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൂന്നാമതൊരു അലർട്ട് കൂടി അധികൃതർ പുറപ്പെടുവിച്ചു.
സിസ്റ്റത്തിൽ പെട്ടെന്നുള്ള സാങ്കേതിക തകരാറാണ് തെറ്റായ സന്ദേശം പ്രചരിക്കാൻ കാരണമായതെന്നും, രാജ്യത്ത് നിലവിൽ യാതൊരുവിധ ആശങ്കയുടേയും സാഹചര്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും അധികൃതർ അറിയിച്ചു



