അബുദാബി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ഇറാനിയന്‍ പൗരന്മാര്ക്ക് വിസ ഓവര്‍സ്റ്റേ പിഴകള്‍ ഒഴിവാക്കിയതായി യുഎഇ
പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ICP) ഈ തീരുമാനം അറിയിച്ചു. ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനാലും വ്യോമപാതകള്‍ അടച്ചതിനാലും യുഎഇയില്‍ കുടുങ്ങിയ ഇറാനിയന്‍ പൗരന്മാര്ക്ക് ആശ്വാസം നല്കാന് ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
സംഘര്‍ഷം കാരണം എമിറേറ്റ്സ്, ഫ്ലൈ ദുബൈ തുടങ്ങിയ യുഎഇ വിമാനക്കമ്പനികള്‍ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഏത് തരത്തിലുള്ള വിസയില്‍ യുഎഇയില്‍ എത്തിയവരായാലും ഈ ഫൈന്‍ ഒഴിവാക്കല്‍ എല്ലാ ഇറാനിയന്‍ പൗരന്മാര്ക്കും ബാധകമാണ്. ഈ ഇളവ് 2025 ഡിസംബര്‍ 31 വരെ നിലനില്ക്കും. ഇതിനായി ഐസിപിയുടെ സ്മാര്‍ട്ട് സര്‍വീസസ് പ്ലാറ്റ്ഫോമിലൂടെയോ രാജ്യത്തെ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലൂടെയോ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
നേരത്തേ സുഡാനിലെ പ്രതിസന്ധി കാരണം യുഎഇയില്‍ കുടുങ്ങിയ സുഡാനീസ് പൗരന്മാര്ക്ക് ഇത്തരത്തില്‍ ഫൈനുകള്‍ ഒഴിവാക്കിയിരുന്നു.