അബുദാബി : രാജ്യത്തേക്ക് നിലവിൽ ഇറക്കുമതിചെയ്യുന്ന 2000 അവശ്യ ഉത്പന്നങ്ങൾ തദ്ദേശീയമായി നിർമിക്കാനൊരുങ്ങി യുഎഇ. മേക്ക് ഇറ്റ് ഇൻ എമിറേറ്റ്‌സ് ഫോറത്തിന്റെ നാലാംപതിപ്പിന് മുന്നോടിയായി വ്യവസായ നൂതനസാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഉത്പന്നങ്ങൾ പ്രാദേശികമായി നിർമിക്കുക മാത്രമല്ല സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലൂടെ പ്രാദേശിക നിർമാതാക്കളെ ലോകത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനാകും.
യുഎഇയുടെ മാനുഫാക്ചറിങ് മേളയായ മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ് മേയ് 19 മുതൽ 22 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. നാല് ദിവസത്തെ ഫോറത്തിൽ നിക്ഷേപകർ, നയരൂപകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.
2024-ൽ രാജ്യത്തിന്റെ വിദേശവ്യാപാരം അഞ്ച് ലക്ഷം ദിർഹത്തിലേറെയായിരുന്നു. മരുന്ന്,ഭക്ഷണം, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, ഇലക്ട്രിക് ഉപകരണങ്ങൾ, ബഹിരാകാശ സാങ്കേതികവിദ്യ, നിർമാണ സാമഗ്രികൾ തുടങ്ങിയ വ്യവസായങ്ങൾ രാജ്യത്ത് നിലനിർത്തേണ്ടതുണ്ടേന്നും അദ്ദേഹം വിശദീകരിച്ചു.