അബൂദാബി – പഞ്ചസാര ഉൾപ്പെടുത്തിയിരിക്കുന്ന മധുര പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താനൊരുങ്ങി യുഎഇ. ഇനി പാനീയത്തിലെ പഞ്ചസാരയുടെ അളവിന് അനുസരിച്ചായിരിക്കും നികുതി ഏർപ്പെടുത്തുക. നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി.
2026 ജനുവരി ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ആരോഗ്യകരമായ പാനീയങ്ങൾ മാത്രം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. നിയമം പ്രാബല്യത്തിൽ വരുമ്പോൾ പഞ്ചസാരയുടെ അളവ് കൂടുതൽ അടങ്ങിയിരിക്കുന്ന മധുര പാനീയങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തും. പഞ്ചസാരയുടെ അളവ് കുറവെങ്കിൽ നികുതി കുറവുമായിരിക്കും.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് 50 ശതമാനം എക്സൈസ് നികുതി നൽകി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയോ നിർമിക്കുകയോ ചെയ്ത നികുതിദായകർക്ക് ഒരു പ്രത്യേക ആനുകൂല്യവും ലഭിക്കുന്നതാണ്. നിയമം നിലവിൽ വന്നതിന്ന് ശേഷം നികുതി കുറയുകയാണെങ്കിൽ മുമ്പ് അടച്ചിരുന്ന നികുതിയുടെ ഒരു ഭാഗവും കുറവ് ലഭിക്കും. യുഎഇയിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്നതിന് പുറമെ പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് പുതിയ നിയമം പ്രാബല്യത്തിലാക്കാൻ ഒരുങ്ങുന്നത്. യുഎഇയിലെ പ്രവാസികൾക്കിടയിൽ ഉയരുന്ന പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.