അബൂദാബി – യുഎഇയുടെ ആരോഗ്യമേഖലയ്ക്ക് അഭിമാനിക്കാവുന്ന ഒരു വാർത്തയാണ് അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ നിന്ന് പുറത്തുവരുന്നത്. അപൂർവവും ജീവന് ഭീഷണിയുമായ കഴുത്തിലെയും മുഖത്തെയും അണുബാധ അഥവാ ക്രാന്യോഫേശ്യൽ ഇൻഫെക്ഷൻ (craniofacial infection) ബാധിച്ച 11 വയസ്സുകാരിയുടെ ശസ്ത്രക്രിയ അടക്കമുള്ള സങ്കീർണ ചികിത്സ എസ്കെഎംസി (SKMC) യിൽ വിജയകരമായി പൂർത്തിയായി. യുഎഇയുടെ പീഡിയാട്രിക് ആരോഗ്യരംഗത്തെ വളർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്.
സേഹ നെറ്റ്വർക്കിന് കീഴിലുള്ള എസ്കെഎംസിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘമാണ് ഈ സങ്കീർണ്ണമായ കേസ് വിജയകരമായി കൈകാര്യം ചെയ്തത്. തലച്ചോറിനും കണ്ണിനും അടുത്തുള്ള ഈ അണുബാധ നീക്കം ചെയ്യാൻ നൂതന ഡയഗ്‌നോസ്റ്റിക് ഇമേജിംഗും കൃത്യമായ ശസ്ത്രക്രിയയും, ആഴ്ചകൾ നീണ്ട ആന്റിബയോട്ടിക് ചികിത്സയും വേണ്ടിവന്നു. കുട്ടി പൂർണ്ണമായും സുഖം പ്രാപിച്ചിട്ടുണ്ട്.
യുഎഇയുടെ വിഷൻ 2021, യുഎഇ സെന്റിനിയൽ 2071 എന്നീ പദ്ധതികളുടെ ഭാഗമായുള്ള വലിയ നിക്ഷേപങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും ഫലമാണ് ഈ നേട്ടം. കഴിഞ്ഞ ദശകത്തിൽ, യുഎഇ ആരോഗ്യമേഖലയിൽ വൻ നിക്ഷേപമാണ് നടത്തിയിരുന്നത്. ത്രിഡി ഇമേജിംഗ്, റോബോട്ടിക് സർജറി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ആശുപത്രികളിൽ ഒരുക്കി. വിദേശ വിദഗ്ധരെ ആകർഷിച്ചും പ്രാദേശിക ഡോക്ടർമാർക്ക് പരിശീലനം നൽകിയും രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തി. ഇപ്പോൾ 90 ശതമാനത്തിലധികം ആശുപത്രികളും ഡിജിറ്റൽ വൽക്കരിക്കപ്പെട്ടിട്ടുണ്ട്.
ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമായി മാറുക എന്ന യുഎഇയുടെ സ്വപ്‌നങ്ങൾക്ക് പിന്തുണയേകുന്നതാണ് ഈ നേട്ടം. ഓരോ വർഷവും അരലക്ഷത്തിലധികം പേരാണ് ചികിത്സയ്ക്കു വേണ്ടി മാത്രം യുഎഇയിലെത്തുന്നത്. മെഡിക്കൽ ടൂറിസം മേഖലയിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് രാജ്യം ഒരുക്കുന്നത്. ആ മേഖലയിലുള്ള വളർച്ചയിലേക്കുള്ള നിർണായക ചുവടുവെപ്പായി എസ്കെഎംസിയിലെ ഈ ചികിത്സ.